സിനിമയെ കുറിച്ച് കൂടുതൽ പറയുന്ന സംഭവത്തിന് എന്താണ് പേര്? അപ്രതീക്ഷിതമായിട്ടായിരുന്നു അടുത്തു നിൽക്കുന്ന തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയോട് മമ്മൂട്ടിയുടെ ചോദ്യം. ചോദ്യത്തിനു മുന്നിൽ ഉദയ് കൃഷ്ണ ആദ്യമൊന്നു പതച്ചെങ്കിലും തൊട്ടടുത്ത നിമിഷം മമ്മൂട്ടി ഉദ്ദേശിച്ച പ്രയോഗം ഉദയ് കൃഷ്ണയ്ക്ക് പിടികിട്ടി, ‘തള്ള്’ എന്നുത്തരവും നൽകി. “അതു തന്നെ, ആ പറഞ്ഞ സംഭവം. അങ്ങനെയൊന്നും ഞാനുദ്ദേശിക്കുന്നില്ല, ഇഷ്ടപ്പെട്ടാൽ നിങ്ങൾ തള്ളുക,” മമ്മൂട്ടിയുടെ മാസ് ഡയലോഗിനെ ഹർഷാരവങ്ങളോടെയാണ് സദസ്സ് വരവേറ്റത്. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിലെ ഓപ്പൺ വേദിയിൽ സംഘടിപ്പിച്ച മധുരരാജ പ്രീ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ മാസ് ഡയലോഗ്.
വിഷു റിലീസായി ഏപ്രിൽ 12 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രീ ലോഞ്ച് ചടങ്ങിനെത്തിയതായിരുന്നു മമ്മൂട്ടിയും ‘മധുരരാജ’യുടെ അണിയറപ്രവർത്തകരും. പീറ്റർ ഹെയ്ൻ, സിദ്ദീഖ്, അനുശ്രീ, ഷംന കാസിം, സലിം കുമാർ, രമേഷ് പിഷാരടി,അന്ന രേഷ്മ, മഹിമ നമ്പ്യാര്‍, ബാലചന്ദ്രൻ ചുള്ളിക്കാട്, നോബി, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്, പ്രിയങ്ക, കൈലാസ് തുടങ്ങിയ താരങ്ങളും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും നിരവധി അണിയറപ്രവർത്തകരും ചടങ്ങിനെത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലായതിനാൽ സംവിധായകൻ വൈശാഖൻ പ്രീ ലോഞ്ചിനു എത്തിയിരുന്നില്ല. “ഇതുവരെ ഞങ്ങളുടെ സംവിധായകൻ റിലീസ് ആയിട്ടില്ല. പെണ്ണിനെ വിവാഹം ചെയ്ത് ഇറക്കിവിടുന്ന ഒരു പിതാവിന്റെ ടെൻഷനിലാണ് അദ്ദേഹം,” മമ്മൂട്ടി പറഞ്ഞു.
“എന്നെ സംബന്ധിച്ച് ഈ സിനിമ കോടി ക്ലബ്ബിൽ കയറണമെന്ന് എനിക്ക് ഒരു ആഗ്രഹവും ഇല്ല. മൂന്നരക്കോടി ജനങ്ങളുടെ മനസ്സിൽ ആണ് കയറേണ്ടത്,” എന്ന വാക്കുകളോടെയായിരുന്നു മമ്മൂട്ടി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
‘പോക്കിരി രാജ’ റിലീസ് ചെയ്ത് ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘മധുരരാജ’ എത്തുന്നത്. മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘മധുരരാജ’യിൽ ആദ്യഭാഗമായ പോക്കിരി രാജയെക്കാള്‍ കൂടുതൽ ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട് എന്നാണ് സൂചനകൾ. പീറ്റർ ഹെയ്ൻ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടർ. മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരണ്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുമ്പോഴും ആദ്യഭാഗത്തിന്റെ തുടർച്ചയല്ല ചിത്രം എന്നാണ് അണിയറക്കാർ പറയുന്നത്. ഏറെ നാളുകള്‍ക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന രീതിയിലും ആരാധകര്‍ക്ക് പ്രതീക്ഷ നല്കുന്ന ചിത്രമാണിത്.
Read more: പോക്കിരിരാജയില്‍ നിന്നും മധുരരാജയിലേക്ക് എത്തുമ്പോള്‍; രാജയുടെ കൂടെ ഉള്ളവരും ഇല്ലാത്തവരും
അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാലുനായികമാര്‍ ചിത്രത്തിലുണ്ട്. പ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കും ഈ നാലു നായികമാര്‍ക്കും പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാര്‍, വിജയരാഘവന്, അജു വര്‍ഗീസ്, ജയ്, ജഗപതി ബാബു, നരേന്, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, നോബി, ജോണ്‍ കൈപ്പള്ളില്‍, സന്തോഷ് കീഴാറ്റൂര്‍, തെസ്നി ഖാന്, പ്രിയങ്ക, ധര്മജന് , ബിജു കുട്ടന്, നോബി, ബാലചന്ദ്രന് ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര തന്നെ ‘മധുരരാജ’യ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു.