ഒരു നാടിനെ വിറപ്പിച്ചുനിർത്താൻ കെൽപ്പുള്ള അതിസമ്പന്നനായ വില്ലനും മനുഷ്യരക്തം കാണുമ്പോൾ ഹാലിളകുന്ന അയാളുടെ​ അനുസരണയുള്ള വേട്ടനായ്ക്കളും- ‘മധുരരാജ’യിൽ ഉദ്വോഗജനകമായ നിരവധി നിമിഷങ്ങളാണ് വില്ലനും വില്ലന്റെ വേട്ടനായ്ക്കൂട്ടവും ചേർന്നു സമ്മാനിക്കുന്നത്. നായ്ക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള സംഘട്ടനരംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമായി മാറുന്നതും. ഇപ്പോൾ ചിത്രത്തിലെ ‘ഡോഗ് ഫൈറ്റ്’ സീനിന്റെ അണിയറ വീഡിയോകളിൽ ഒന്ന് പങ്കുവെച്ചിരിക്കുകയാണ് ‘മധുരരാജ’യിൽ ലിസി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന രാജൻ.

ഭയന്ന് ഓടുമ്പോൾ തലയ്ക്കു മുകളിലൂടെ കുരച്ചു ചാടുന്ന വേട്ടനായയേയും വീഴുന്ന അന്നയേയും ആണ് വീഡിയോയിൽ കാണാനാവുക. സിനിമയുടെ ക്ലൈമാക്സിനോട് അടുത്തു വരുന്ന ഹൃദയഭേദകമായ സീനുകളിലൊന്നിന്റെ ചിത്രീകരണദൃശ്യമാണിത്. അന്ന രാജന്റെ ലിസി എന്ന കഥാപാത്രം അതീവ ദയനീയമായി വേട്ട നായ്ക്കളാൽ കൊലച്ചെയ്യപ്പെടുകയാണ് ചിത്രത്തിൽ.

പീറ്റർ ഹെയ്ൻ ആണ് ‘മധുരരാജ’യുടെ ആക്ഷൻ ഡയറക്ടർ. ചിത്രത്തിലെ സംഘട്ടനരംഗങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നായ്ക്കളെ ഉൾപ്പെടുത്തികൊണ്ടുള്ള ഉദ്വേഗജനകമായ രംഗങ്ങളുടെ ചിത്രീകരണവീഡിയോ പീറ്റർ ഹെയ്നും കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സ്റ്റണ്ട് മാസ്റ്ററുടെ തലക്കു മീതെ ചാടുകയും കയ്യിൽ കടിച്ചുതൂങ്ങിനിൽക്കുന്ന നായ്കളുമൊക്കെയാണ് വിഡിയോയിൽ നിറയുന്നത്. വേദന കൂടാതെ ഒന്നും നേടാനാകില്ലെന്ന ക്യാപ്ഷനോടെയാണ് പീറ്റര്‍ ഹെയ്ൻ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

“നിലവിൽ ചെയ്ത ആക്ഷ രംഗങ്ങളേക്കാൾ മികച്ചതാക്കണം ‘മധുരരാജ’യിലെ ഫൈറ്റ് സീനുകൾ എന്ന് എനിക്കും വൈശാഖനും ഒരു പ്ലാൻ ഉണ്ടായിരുന്നു. എനിക്കും എന്റെ ബെസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനു വേണ്ടി കൂടുതൽ പ്രയാസകരമായ സ്റ്റണ്ട് സീനുകൾ മമ്മൂട്ടി സാറിനു നൽകിയിരുന്നു. ഏറെ പരിശീലനം ചെയ്തതിനു ശേഷമാണ് ചിത്രത്തിന്റെ ടേക്കുകൾ എടുത്തത്. വളരെ കഠിനമായ ആ സീനുകളോട് അദ്ദേഹം സഹകരിച്ചു, ഇതെല്ലാം ആരാധകർക്ക് കൂടി വേണ്ടിയാണല്ലോ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മമ്മൂട്ടി സാർ… താങ്കളെ ഏറെ ബുദ്ധിമുട്ടിച്ചതിന് മാപ്പ്. ഫാൻസിനു വേണ്ടി ഇത്രയും കഷ്ട്ടപ്പെട്ടു സ്റ്റണ്ട് ചെയ്യുന്ന ഒരു താരത്തെ കിട്ടിയ നിങ്ങൾ ആരാധകർ ഭാഗ്യവാന്മാരാണ്, ” എന്നാണ് ‘മധുരരാജ’യിലെ ആക്ഷൻ രംഗങ്ങളെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ പീറ്റർ ഹെയ്ൻ പറഞ്ഞത്.

Read more: മമ്മൂട്ടിയോടും ആരാധകരോടും മാപ്പ് പറഞ്ഞ് പീറ്റർ ഹെയിൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook