അഭിമുഖം ചെയ്യാനെത്തിയ അവതാരകയുടെ പേടി മാറ്റി മെഗാ സ്റ്റാർ മമ്മൂട്ടി. മധുരരാജയുടെ റിലീസിനോട് അനുബന്ധിച്ചാണ് മമ്മൂട്ടിയെ അഭിമുഖം ചെയ്യാൻ അവതാരക എത്തിയത്. പക്ഷേ മെഗാസ്റ്റാറിനെ നേരിട്ട് കണ്ടതും അവതാരകയുടെ ആത്മവിശ്വാസമെല്ലാം ചോർന്നു. ഭയത്തോടെ തന്റെ അടുത്തിരുന്ന അവതാരകയോട് നർമ്മ സംഭാഷണം നടത്തിയശേഷമാണ് മമ്മൂട്ടി അഭിമുഖം തുടങ്ങിയത്.

Read: ‘രാജാ റിട്ടേണ്‍സ്’; ഇളക്കിമറിച്ച് ‘മധുരരാജ’ ട്രെയിലര്‍

‘പേടിക്കേണ്ട, ചോദിച്ചോ.. ഞാൻ പിടിച്ച് തിന്നുകയൊന്നുമില്ല’ എന്നു നർമ്മത്തോടെ മമ്മൂട്ടി അവതാരകയോട് പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. അഭിമുഖത്തിന് അവസാനം അവതാരകയെ പരിചയപ്പെട്ടശേഷമാണ് മമ്മൂട്ടി മടങ്ങിയത്.

ഏറെ നാളായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘മധുരരാജ’ എന്ന മാസ് എന്റർടെയ്നർ. മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രമാണ് ‘മധുരരാജ’. ഏറെ നാളുകൾക്കു ശേഷം വരുന്ന മമ്മൂട്ടിയുടെ മാസ് ചിത്രമെന്ന രീതിയിലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചിത്രമാണിത്. ഏപ്രിൽ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാർ എന്നിങ്ങനെ നാലുനായികമാർ ചിത്രത്തിലുണ്ട് എന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിക്കും ഈ നാലു നായികമാർക്കും പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, തെസ്‌നി ഖാൻ, പ്രിയങ്ക, ധര്‍മജന്‍ , ബിജു കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങി വലിയൊരു താരനിര തന്നെ ‘മധുരരാജ’യ്ക്ക് വേണ്ടി അണിനിരക്കുന്നുണ്ട്. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസാണ് ‘മധുരരാജ’യുടെ മറ്റൊരു ആകർഷണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook