വിഷുകാലത്ത് തിയേറ്ററുകളിൽ എത്തുന്ന പ്രധാനപ്പെട്ട ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ‘മധുരരാജ’, മോഹൻലാലിൻറെ ‘ലൂസിഫർ’ എന്നിവ. ‘പുലിമുരുഗൻ’ സംവിധായകൻ വൈശാഖിന്റെ ‘മധുരരാജ’, അദ്ദേഹത്തിന്റെ തന്നെ മുൻകാല ചിത്രമായ ‘രാജാധിരാജ’യുടെ തുടർച്ചയാണ്. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ് മോഹൻലാൽ നായകനായി എത്തുന്ന ‘ലൂസിഫർ’. രണ്ടു ചിത്രങ്ങളുടെയും പ്രീ-റിലീസ് പരിപാടികൾക്ക് നേരത്തെ തന്നെ തുടക്കമായിരുന്നു. ഇപ്പോഴിതാ, ഇരുകൂട്ടങ്ങളിലെയും ആരാധകർക്ക് ആവേശം പകർന്നു കൊണ്ട് ചിത്രങ്ങളുടെ ടീസറും ട്രെയിലറും റിലീസിനെത്തുകയാണ്.
ഇന്ന് വൈകിട്ട് ഒമ്പത് മണിയ്ക്ക് ‘ലൂസിഫർ’ ട്രെയിലർ റിലീസിനെത്തും. വൈകിട്ട് ആറു മണിയ്ക്കാണ് ‘മധുരരാജ’യുടെ ടീസർ എത്തുന്നത്. മാർച്ച് 28നാണ് ‘ലൂസിഫർ’ റിലീസ്. . ഏപ്രിൽ 12നാവും ‘മധുരരാജ’യുടെ റിലീസ്.
ഇരുപത്തിയാറു നാളുകളായി റിലീസ് ചെയ്യപ്പെട്ട ‘ലൂസിഫർ’ ക്യാരക്റ്റർ പോസ്റ്ററുകൾ തന്നെ ഏറെ ഉദ്വേഗം ഉണർത്തിയിരിക്കുകയാണ് ആരാധകരിൽ. മുരളി ഗോപി എഴുതുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹൻലാൽ കൂടാതെ വിവേക് ഒബ്റോയിയും മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വലിയൊരു താരനിര തന്നെ ചിത്രത്തിനു വേണ്ടി അണിനിരക്കുന്നു എന്നതും ‘ലൂസിഫറി’നെ കുറിച്ചുള്ള ആകാംക്ഷയും പ്രതീക്ഷകളും ഇരട്ടിപ്പിക്കുകയാണ്. ചിത്രം തിയേറ്ററുകളിലെത്താൻ കഷ്ടിച്ച് രണ്ടാഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും ചിത്രത്തിന്റെ കഥയെ കുറിച്ചോ മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും പുറത്തു പറയാതെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ സസ്പെൻസ് സ്വഭാവം നിലനിർത്തുകയാണ്.
ആ അക്ഷമയിൽ നിന്നു തന്നെയാവാം തന്റേതായ രീതിയിൽ ‘ലൂസിഫറി’ന്റെ കഥകൾ വ്യാഖാനിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നതും. ചിത്രത്തിന്റെ സീനുകളും ഓരോ കഥാപാത്രങ്ങളുടെ പശ്ചാത്തലവും വരെ ഇന്നതാവാം എന്ന രീതിയിലുള്ള ചർച്ചകൾ തകൃതിയായി നടക്കുകയാണ് പല സോഷ്യൽ മീഡിയ വേദികളിലും. തമാശയ്ക്ക് അപ്പുറം അത്തരം ‘ലൂസിഫർ’ വിവർത്തനങ്ങൾ വ്യാപകമായതോടെ സിനിമയെ കുറിച്ചുള്ള കള്ളപ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് മോഹൻലാലും പൃഥിരാജും മുരളി ഗോപിയുമടക്കമുള്ള ചിത്രത്തിന്റെ അണിയറക്കാരും രംഗത്തു വന്നിരുന്നു. ചിത്രത്തിന്റെ ‘ഇൻട്രോ സീൻ’ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു സ്ക്രീൻ ഷോട്ട് പോസ്റ്റിനൊപ്പം ഷെയർ ചെയ്തായിരുന്നു മോഹൻലാൽ ‘ലൂസിഫറി’നെതിരെയുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കൂ എന്ന ആവശ്യം ഉന്നയിച്ചത്.
Read more: ‘ലൂസിഫറി’നെ കുറിച്ചുള്ള കളളപ്രചരണങ്ങൾ നിർത്തൂ: മോഹൻലാൽ
പ്രേക്ഷകർ ആകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മാസ് എന്റർടെയ്നർ ‘മധുരരാജ’. മമ്മൂട്ടി, പൃഥ്വിരാജ്, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ‘മധുരരാജ’ എത്തുന്നത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസാണ് ‘മധുരരാജ’യുടെ മറ്റൊരു ആകർഷണം. 116 ദിവസം നീണ്ടു നിന്ന ഷെഡ്യൂളായിരുന്നു ചിത്രത്തിന്റേത്.
മമ്മൂട്ടിക്ക് പുറമേ നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, ലിച്ചി, തെസ്നി ഖാൻ, പ്രിയങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നെൽസൺ ഐപ്പ് നിർമാണവും ഉദയ്കൃഷ്ണ തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു.
Read More: രാജാധിരാജനായി മെഗാസ്റ്റാർ മമ്മൂട്ടി; ‘മധുരരാജ’ ലൊക്കേഷൻ ചിത്രങ്ങൾ