വള്ളുവനാടിന്റെ ചരിത്രം പറയുന്ന ബ്രഹ്മാണ്ഡചിത്രമായ ‘മാമാങ്കം’ സിനിമയിൽ വീണ്ടും അഴിച്ചുപണി. എം പത്മകുമാർ ഉൾപ്പെടെയുള്ള സാങ്കേതിക പ്രവർത്തകരും അണിയറയിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മമ്മൂട്ടി ആരാധകര്‍ മാത്രമല്ല, മലയാള സിനിമാ പ്രേമികള്‍ ഒന്നാകെ തന്നെ ഉറ്റുനോക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘മാമാങ്കം’. നവാഗതനായ സജീവ് എസ്.പിളളയാണ് ചിത്രത്തിന്റെ സംവിധായകൻ. 12 വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സജീവ് എസ്.പിള്ള ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സജീവ് പിള്ളയ്ക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി എം. പത്മകുമാറും എത്തുന്നു എന്നാണ് പുതിയ വാർത്ത.

“ഇതൊരു വലിയ പ്രൊജക്റ്റാണ്. മികച്ചൊരു ക്രിയേറ്റീവ് ടീം തന്നെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാവേണ്ടതുണ്ട്. യുദ്ധവും വലിയ പോരാട്ടങ്ങളുമൊക്കെയാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. വലിയ ആൾക്കൂട്ടത്തെ ഒക്കെ മാനേജ് ചെയ്യേണ്ടതുണ്ട്. കിട്ടുന്ന സഹായമെല്ലാം ഉപകാരപ്പെടുത്തുക​ എന്നതാണ് മുന്നിലുള്ളത്.” സംവിധായകൻ സജീവ് എസ് പിള്ള പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സജീവ്.

Read more: ‘വളളുവനാടിന്റെ ചാവേര്‍’ ആവുന്നതില്‍ സന്തോഷമെന്ന് മമ്മൂട്ടി: ‘മാമാങ്കം’ ഒരു വ്യാഴവട്ടക്കാലം കൊണ്ട് ഒരുക്കിയ തിരക്കഥ

പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ട്. രണ്ട് ബോളിവുഡ് അഭിനേത്രിമാർക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വാർത്ത. സത്രീ വേഷത്തിലടക്കം നാലു വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മെഗാസ്റ്റാര്‍ എത്തുക. 17-ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മമ്മൂട്ടിക്കൊപ്പം നീരജ് മാധവും ചിത്രത്തിലുണ്ട്. നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളം, മംഗലാപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തോനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ടൈറ്റില്‍ ടീസറിന്റെ പശ്ചാത്തലം പോലും പ്രൗഢ ഗംഭീരമാണ്. ശംഖൂതി കാഹളം മുഴക്കി അതിനു പുറകെയാണ് ‘മാമാങ്കം’ എന്ന ടൈറ്റില്‍ എത്തുന്നത്. ഹിസ്റ്ററി ഓഫ് ബ്രേവ് എന്നതാണ് ടൈറ്റിലിന്റെ ടാഗ് ലൈന്‍. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായെന്നും രണ്ടാം ഷെഡ്യൂള്‍ മെയ് 10ന് തുടങ്ങുമെന്നും മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook