മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഭയങ്കര ജാഡയാണന്നാണ് പൊതുവേയുളള സംസാരം. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവർ ഒരിക്കലും അങ്ങനെ പറയില്ല. കഴിഞ്ഞ ദിവസം ഫോർട്ട്കൊച്ചിയിൽ നടന്ന ഒരു സംഭവത്തിലൂടെ മമ്മൂട്ടിക്കുളളിലെ സ്നേഹം നിറഞ്ഞ മനസ്സിന്റെ ഉടമയെ ജനങ്ങൾക്കും അടുത്തറിയാനായി. ഓട്ടോ ഡ്രൈവറായ സമീർ എന്ന യുവാവിനാണ് മമ്മൂട്ടിയുടെ ആ സ്നേഹം അടുത്തറിയാനായത്.

പരസ്യ ചിത്രീകരണത്തിനായി ഫോർട്ട്കൊച്ചിയിൽ എത്തിയതായിരുന്നു മമ്മൂട്ടി. അനുവാദമില്ലാതെ ആരും മമ്മൂട്ടിയുടെ ഫോട്ടോ എടുക്കരുതെന്ന് നിർദേശിച്ചു. പക്ഷേ ഇു വകവയ്ക്കാതെ ഓട്ടോ ഡ്രൈവറായ സമീർ മമ്മൂട്ടിയുടെ ഫോട്ടോയെടുത്തു. ഇതു കണ്ട മമ്മൂട്ടി സമീറിന്റെ അടുത്തെത്തി. തന്നോട് ക്ഷുഭിതനാവുമെന്ന് സമീർ കരുതി. പക്ഷേ മമ്മൂട്ടി ഫോൺ വാങ്ങി സമീറിനൊപ്പം നിന്നു സെൽഫിയെടുത്തു. യാത്ര ചോദിച്ചു നടന്നു നീങ്ങുന്ന മെഗാസ്റ്റാറിനെ നോക്കി നിറകണ്ണുകളോടെ നിന്ന സമീർ പറഞ്ഞു, “നിങ്ങൾ ഒരു അത്ഭുതമാണ് മമ്മൂക്ക”. സംഭവത്തിന് ദൃക്‌സാക്ഷിയായ മമ്മൂട്ടിയുടെ പിആര്‍ഒ റോബര്‍ട്ടാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം പങ്കുവച്ചത്.

റോബർട്ടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇന്നലെ ഫോർട്ട് കൊച്ചിയിൽ യാദൃശ്ചികമായി ഞാൻ സാക്ഷിയായ ഒരു സംഭവം, മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു .. ആരോ ചിലർ ആരോപിക്കുന്ന പോലെ മമ്മൂട്ടി എന്ന മെഗാസ്‌റ്റാറിന്റെ ” ജാഡ” ഒരിക്കൽ കൂടി നേരിട്ട് കണ്ടു !!
സംഭവം മറ്റൊന്നുമല്ല . പോത്തീസ് ടെക്സ്റ്റൈൽസിന്റെ പരസ്യം ഷൂട്ട് ചെയ്യുന്നിടമാണ് സംഭവ സ്ഥലം. സഞ്ചാരികളും തദ്ദേശീയരുമായ നൂറുകണക്കിന് ആളുകൾ കൂടി മെഗാസ്‌റ്റാറിന്റെ വരവും പ്രതീക്ഷിച്ചു കാത്തു നിൽക്കുന്നു. ഇതിനിടെ ഫോർട്ട് കൊച്ചിയിലെ ലൊക്കേഷൻ മാനേജർമാർ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ നന്നേ പാട് പെടുന്നത് കാണാം !
ഷൂട്ടിങ് വേഷത്തിൽ തയ്യാറായി വരുന്ന മമ്മൂക്കയുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തരുതെന്നു , കൂട്ടത്തിൽ മുതിർന്ന ലൊക്കേഷൻ മാനേജർ പറയുന്നത് കേൾക്കാമായിരുന്നു. (പരസ്യത്തിനായി പ്രത്യേകം തയ്യാറാക്കിയ വസ്ത്രങ്ങൾ ആയതുകൊണ്ടാവണം ഇങ്ങനെപറയുന്നതെന്നു ആരോ പറഞ്ഞത് ഓർക്കുന്നു ) പെട്ടന്നാണ് സാക്ഷാൽ മെഗാസ്റ്റാർ കടന്നു വരുന്നത് . സ്വാഭാവികമായും ആൾകൂട്ടം ഇളകിയാർത്തു.
കാക്കി വേഷ ധാരിയായ ഒരാൾ ഇടയിലൂടെ പെട്ടന്ന് മുന്നോട്ടു വന്നു തന്റെ സ്മാർട്ഫോൺ ഉപയോഗിച്ച് ചറപറാന്നു ചിത്രങ്ങൾ എടുക്കുന്നു . ഇത് കണ്ട ലൊക്കേഷൻ മാനേജർ പൊട്ടിത്തെറിച്ചു . പറഞ്ഞാൽ മനസ്സിലാവില്ലേ, മൊബൈലിൽ ആണോ ഫോട്ടോ എടുക്കുന്നത് എന്ന് തുടങ്ങി പൊട്ടി തെറിക്കുന്നു .
മുന്നോട്ടു നീങ്ങിയ മെഗാസ്റ്റാർ ഒരു നിമിഷം നിന്നു. മാനേജർ ശകാരിച്ചുകൊണ്ടിരുന്ന ആളുടെ നേരെ തിരിഞ്ഞു , അയാളുടെ സമീപത്തേക്കു നടന്നു ..ഫോർട്ട് കൊച്ചി തന്നെ നിശബ്ദമായ ഒരു നിമിഷമായിരുന്നു അത് !!
മെഗാസ്റ്റാർ എന്തെങ്കിലും ചോദിക്കും മുമ്പ് തന്നെ ആ മനുഷ്യൻ പറഞ്ഞു ” അനുവാദം ഇല്ലാതെ ഫോട്ടോ എടുത്തത് തെറ്റാണെന്നു അറിയാം , ഇപ്പൊ തന്നെ ഡിലീറ് ചെയ്തോളാം ”
“താങ്കൾ പറഞ്ഞത് ശരിതന്നെ , എല്ലാത്തിനും ഒരു സാമാന്യ മര്യാദ ഉള്ളതും നല്ലതാ … ആ മൊബൈൽ ഇങ്ങു തരൂ …” മെഗാസ്റ്റാർ പറയേണ്ട താമസം അയാൾ മൊബൈൽ കൈമാറി .അയാളുടെ ഗ്യാലറിയെ ചിത്രങ്ങൾ തുറന്നു നോക്കി .. ഒരു ഫോട്ടോയിലും ആരുടെയും മുഴുവൻ ചിത്രമില്ല ( അയാൾക്ക്‌ അത്രെയേ സാധിക്കുമായിരുന്നുള്ളൂ )
അപ്പോഴേക്കും മാനേജരുടെ ക്ഷോഭം കൂടുതൽ ഉച്ചത്തിലായി . മമ്മൂക്കയുടെ നോട്ടം ആ വഴിക്കു നീണ്ടോ എന്നൊരു സംശയം , അയാൾ നിശബ്ദനായി .
ആ മൊബൈൽ കയ്യിൽ വാങ്ങി , ആ മനുഷ്യനെ തന്നോട് ചേർത്ത് നിർത്തി , അയാളുടെ മൊബൈലിൽ സെൽഫി എടുത്തുകൊടുക്കുന്ന സാക്ഷാൽ മെഗാസ്റ്റാറിനെയാണ് പിന്നെ ഫോർട്ട്കൊച്ചി കാണുന്നത് . അതിനിടയിൽ പേര് സമീർ എന്നാണന്നും ജോലി ഓട്ടോറിക്ഷ ഓടിക്കലാണെന്നും മമ്മൂക്കയുടെ ചോദ്യങ്ങൾക്കുത്തരമായി പറയുന്നത് കേൾക്കാമായിരുന്നു. ഈ സമയം കൊണ്ട് അഞ്ചോളം സെൽഫിയാണ് മമ്മൂക്ക തന്നെ സമീറിന് സമ്മാനിച്ചത് . യാത്ര ചോദിച്ചു നടന്നു നീങ്ങുന്ന മെഗാസ്റ്റാറിനെ നോക്കി നിറകണ്ണുകളോടെ നിന്ന സമീർ പറഞ്ഞു, “നിങ്ങൾ ഒരു അത്ഭുതമാണ് മമ്മൂക്ക”. സമീറിന്റെ സെൽഫി വാട്സാപ്പിലൂടെയും മറ്റും കൈപ്പറ്റാൻ തൊട്ടടുത്ത ഓട്ടോസ്റ്റാൻഡിൽ നിന്നുള്ള സഹപ്രവർത്തകരും കാണികളും മത്സരിക്കുന്ന ഒരു രംഗമായിരുന്നു അവിടെ ..
ആ സമയം ആ വഴി കടന്നുപോയ ഒരു സ്കൂട്ടറുകാരൻ അപ്പോഴും പറഞ്ഞു….”എന്തൊരു ജാഡയാ ഈ മനുഷ്യന് “!!
ഒരു ദൃക്‌സാക്ഷി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook