സംഗീതത്തോടുള്ള മമ്മൂട്ടിയുടെ ഇഷ്ടത്തെക്കുറിച്ചു പറയുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പാട്ടിനെക്കുറിച്ച് നല്ല അറിവുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും പൊതുവേദിയില്‍ പാട്ട് പാടില്ലെന്ന വാശിയാണ് അദ്ദേഹത്തിനെന്നും രമേഷ് പിഷാരടി പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്.
“പാട്ടിനെ കുറിച്ച് ഒരുപാട് അറിവുള്ള ആളാണ് മമ്മൂക്ക. പക്ഷേ, പാട്ട് പാടില്ലെന്ന വാശിയുണ്ട്. സ്വന്തം ഇഷ്ടത്തിനായി മമ്മൂക്ക പാടും. എന്നാല്‍, പൊതുവേദിയില്‍ പാടാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ല. മമ്മൂക്ക പാട്ട് പാടുന്നതും ആസ്വദിക്കുന്നതും അദ്ദേഹത്തിനു വേണ്ടിയാണ്” പിഷാരടി പറഞ്ഞു.
Read Also: താരപരിവേഷമില്ലാതെ മമ്മൂട്ടി; ‘ഗാനഗന്ധർവ്വൻ’ റിവ്യൂ
“പൊതുസ്ഥലത്ത് പാട്ട് പാടാന്‍ അദ്ദേഹത്തിന് ഇഷ്ടമല്ല. വലിയ സംഗീത ആസ്വാദകനാണ്. സ്വന്തം പാട്ട് മമ്മൂക്കയ്ക്ക് ഇഷ്ടമല്ല. പാട്ടിനെ കുറിച്ച് നല്ല അറിവുണ്ട്. ഏത് സിനിമയിലെ പാട്ട്, ഏത് വര്‍ഷം പുറത്തിറങ്ങിയത് എന്നിങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചെല്ലാം മമ്മൂക്കയ്ക്ക് നല്ല അറിവുണ്ട്. വലിയൊരു പാട്ട് കളക്ഷൻ മമ്മൂക്കയുടെ പക്കലുണ്ട്” പിഷാരടി പറഞ്ഞു.
രമേഷ് പിഷാരടി സംവിധാനം ചെയ്ത ‘ഗാനഗന്ധർവൻ’ എന്ന സിനിമയാണ് മമ്മൂട്ടിയുടേതായി തീയറ്ററുകളിലെത്തിയ അവസാന ചിത്രം. സിനിമയ്‌ക്ക് മികച്ച അഭിപ്രായമാണ്. ചിത്രത്തിൽ ഒരു ഗായകനായാണ് മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടിയെ മനസിൽ കണ്ടിട്ടാണ് ‘ഗാനഗന്ധർവൻ’ സിനിമ ചെയ്‌തതെന്ന് പിഷാരടി പറഞ്ഞു.
പേരിൽ ഗാനഗന്ധർവ്വൻ എന്നുണ്ടെങ്കിലും സംഗീതവുമായി ബന്ധപ്പെട്ട് മാത്രം നിൽക്കുന്ന കഥയല്ല ‘ഗാനഗന്ധർവ്വൻ’ പറയുന്നത്. ഗാനമേളകളിൽ പാടി ജീവിക്കുന്ന കലാസദൻ ഉല്ലാസ് എന്ന പാട്ടുകാരന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും സാമൂഹ്യപ്രശ്നങ്ങളുമെല്ലാം പറഞ്ഞുകൊണ്ടാണ് ‘ഗാനഗന്ധർവ്വന്റെ’ കഥ വികസിക്കുന്നത്.