മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ദുൽഖർ സൽമാന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. മമ്മൂട്ടിയും ദുൽഖറും സോഷ്യൽ മീഡിയയിലൂടെ ടീസർ പങ്കുവച്ചിട്ടുണ്ട്.
ഒരു മിനിറ്റും ആറ് സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. മമ്മൂട്ടി ഉൾപ്പെടെയുള്ള കഥാപാത്രങ്ങൾ ഉറങ്ങുന്നതാണ് ടീസറിൽ. മുഷിഞ്ഞ കള്ളിമുണ്ടും ഷർട്ടുമണിഞ്ഞാണ് മമ്മൂട്ടിയെ കാണാനാവുന്നത്.
ലിജോ പെല്ലിശ്ശേരി കഥയെഴുതിയ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ പുതിയ നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം അശോകനും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
തമിഴ്നാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ പഴനിയായിരുന്നു. പേരൻപ്, പുഴു, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ് ക്യാമറ ചെയ്തിരിക്കുന്നത്.
‘പുഴു’, സി.ബി.ഐ സിരീസിലെ അഞ്ചാം ചിത്രം, ‘സിബിഐ ദി ബ്രെയിൻ’ തുടങ്ങിയവയാണ് മമ്മൂട്ടി ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ല്‍ മമ്മൂട്ടി പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
മമ്മൂട്ടിയുടെ അവസാനമായി പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടി തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ചിത്രം ഇതുവരെ ബോക്സ്ഓഫീസിൽ നിന്ന് 80 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഇരട്ടകുട്ടികളുടെ അച്ഛൻ; സന്തോഷം പങ്കിട്ടു സംവിധായകൻ അരുൺ ഗോപി