മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകരോട് ചോദിച്ചാൽ അവർ പറയും “മമ്മൂക്ക ഞങ്ങൾക്കൊരു വികാരമാണ്,” എന്ന്. ഈ 68ാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പ് കാത്തുസൂക്ഷിക്കുന്ന നടൻ. സിനിമയിലെ ഗാംഭീര്യവും ജീവിതത്തിലെ ലാളിത്യവും അദ്ദേഹത്തെ മലയാളികളുടെ പ്രിയനടനാക്കി. അഭിമുഖങ്ങളിലും മറ്റും തമാശ പറഞ്ഞ് ചിരിച്ചും ചിരിപ്പിച്ചും എല്ലാവരുടേയും ഇഷ്ടം കവരുന്ന മമ്മൂട്ടിയുടെ ഒരു ചിരി വീഡിയോ ആണ് സോഷ്യൽ​ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന ‘സ്റ്റാൻഡ് അപ്പ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി. ആരോ വേദിയിൽ സംസാരിക്കുമ്പോൾ സദസിലിരുന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന മമ്മൂട്ടിയെ നോക്കിയിരിക്കാൻ തന്നെ ഒരു രസമാണ്.

നിമിഷ സജയൻ, രജിഷ വിജയൻ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്ന സ്റ്റാൻഡ് അപ്പ് എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകനും ഫെഫ്കയുടെ തലവനുമായ ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ്. മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി നിന്നുകൊണ്ട് തങ്ങൾ ചെയ്ത തെറ്റുകളുടെ തിരുത്തൽ കൂടിയാണ് സ്റ്റാൻഡ് അപ്പ് എന്നായിരുന്നു ലോഞ്ചിങ് വേദിയിൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്.

വിധു വിൻസന്റ് തനിക്ക് സ്ക്രിപ്റ്റ് വായിക്കാൻ തന്നിരുന്നു. വായിച്ചശേഷം താൻ അതേക്കുറിച്ച് യാതൊരു അഭിപ്രായവും പറഞ്ഞില്ല. സിനിമയ്ക്ക് പുരുഷ സെൻസറിങ് ഉണ്ടാകരുതെന്ന് നിർബന്ധമുള്ളതിനാലാണ് അഭിപ്രായം പറയാതിരുന്നതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. താനോ ആന്റോ ജോസഫോ ഒരു തവണ പോലും സിനിമയുടെ സെറ്റിലേക്ക് പോയിട്ടില്ല. ഈ ചിത്രം പൂർണമായും സംവിധായികയുടേതാണ്. അതിൽ തങ്ങൾ ഒരു തരത്തിലുള്ള​ ഇടപെടലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അർഥവത്തായ സംവാദങ്ങളും കൂട്ടായ്മകളും സിനിമയിൽ ഉണ്ടാകണമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് ഈ സിനിമ ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: ഞങ്ങൾ മലയാള സിനിമയിൽ ചെയ്ത തെറ്റുകളുടെ തിരുത്തലാണ് ‘സ്റ്റാൻഡ് അപ്പ്’: ബി.ഉണ്ണികൃഷ്ണൻ

എന്നാൽ അതിന്റെ വൈരുദ്ധ്യം എന്നത്, താൻ മാടമ്പിയും പ്രമാണിയും പോലുള്ള ചിത്രങ്ങൾ ചെയ്തുണ്ടാക്കിയ പണമാണ് ഈ ചിത്രത്തിലേക്ക് നൽകിയിരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. ആന്റോ ജോസഫും ഉണ്ണികൃഷ്ണനും തട്ടുപൊളിപ്പൻ സിനിമകൾ ചെയ്താൽ മാത്രമേ സ്റ്റാൻഡ് അപ്പ് പോലുള്ള സിനിമകൾ ഇവിടെ ഉണ്ടാകൂ. തങ്ങൾ പൊളിറ്റിക്കലി ഇൻകറക്ട് ആയിക്കൊണ്ടേ ഇരിക്കും, എന്നാൽ നിങ്ങൾ പൊളിറ്റിക്കലി കറക്ട് ആയിരിക്കും എന്നും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

“സിനിമയിൽ ഹീറോ ഇല്ല, മറിച്ച് രണ്ട് സ്ത്രീകൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയാണ് സ്റ്റാൻഡ് അപ്പ് എന്ന് വിധു തന്നോട് പറഞ്ഞു. അതു താൻ മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ‘സിനിമയിൽ മമ്മൂട്ടിയോ മോഹൻലാലോ ഒന്നുമല്ല, കഥയാണ് ഹീറോ’ എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം,” ആന്റോ ജോസഫ് പറഞ്ഞു. വിധു വിൻസന്റ് ഒരുക്കിയിരിക്കുന്ന സിനിമ തങ്ങൾ പ്രതീക്ഷിച്ചതിനുമൊക്കെ എത്രയോ മുകളിലാണെന്നും ഇനിയും വിധുവിന്റെ സിനിമകൾ നിർമിക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook