നടൻ മമ്മൂട്ടിയുടെ സിനിമ പ്രൊഡക്ഷൻ കമ്പനിയാണ് മമ്മൂട്ടികമ്പനി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘നൻപകൽ നേരത്ത് മയക്ക’മാണ് കമ്പനിയുടെ ആദ്യ നിർമാണം ചിത്രം. കമ്പനിയുടെ നിർമാണത്തിൽ അനവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.
കമ്പനിയുടെ ലോഗോ മാറ്റി റീബ്രാൻഡിങ്ങിന് ഒരുങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. z’കാലത്തിനൊപ്പം നടക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ ലോഗോ റീബ്രാൻഡിങ്ങിന് ഒരുങ്ങുകയാണ്. ഞങ്ങളുടെ ജാഗ്രത കുറവ് ചൂണ്ടി കാണിച്ച എല്ലാവർക്കും നന്ദി” ഇങ്ങനെ കുറിച്ചുള്ള പോസ്റ്റാണ് പേജിൽ പങ്കുവച്ചത്.
ഒരു ക്യാമറയുടെ ചിത്രമാണ് മമ്മൂട്ടി കമ്പനിയുടെ ലോഗോയായി പൊതുയിടങ്ങളിൽ നിറഞ്ഞത്. എന്നാൽ ഈ ചിത്രം ഫ്രീപിക്ക് എന്ന സൈറ്റിൽ നിന്ന് എടുത്തതാണെന്നുള്ള ഒരു കുറിപ്പാണ് ഇതിനെല്ലാം വഴിവച്ചതെന്ന് പറയപ്പെടുന്നു. ജോസ്മോൻ വാഴയിൽ എന്ന ഡിസൈനറാണ് കുറിപ്പ് എഴുതിയത്. ഡിസൈനുകൾ കണ്ട് പ്രചോദനം ഉൾകൊണ്ട് ചെയ്യാമെന്നും എന്നാൽ അതേപടി കോപ്പിയടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കുറിപ്പിൽ പറയുന്നു. 2021 ൽ പുറത്തിറങ്ങിയ ‘മങ്ങിയും തെളിഞ്ഞും ചില സിനിമ കാഴ്ച്ചകൾ’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ലോഗോ ഉപയോഗിച്ചതായി കാണാമെന്നാണ് ജോസ്മോൻ പറയുന്നത്. ഒരു പ്രൊഡക്ഷൻ ഹൗസിന്റെ ഐഡന്റിറ്റി പോയെല്ലോയെന്ന് ഓർത്ത് സങ്കടമുണ്ടെന്നും കുറിച്ചിട്ടുണ്ട്.
പുതിയ ലോഗോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ലോഡിങ്ങ് എന്ന രീതിയിലുള്ള ചിത്രമാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ പ്രൊഫൈൽ ഫൊട്ടൊയായി കാണാനാവുക.