കേരളത്തിന്റെ അതിർത്തികൾക്ക് അപ്പുറത്തേക്ക് സിനിമാപ്രേമികളുടെ ഇഷ്ടവും ആരാധനയും കവർന്ന നിരവധി താരങ്ങളുണ്ട് നമുക്ക്. മലയാളത്തിന്റെ അഭിമാന താരമായ മമ്മൂട്ടിയെ കാണാൻ ആഗ്രഹിച്ചെത്തിയ ഒരു ഇറ്റാലിയൻ ആരാധകന്റെ കഥ പറയുകയാണ് സഹസംവിധായികയും അഭിനേതാവുമായ അംബിക റാവു.
14 വർഷങ്ങൾക്കു മുൻപ്, ഇറ്റാലിയൻ ചിത്രമായ ‘ഫ്ളൈയിംഗ് ലെസ്സൺസ്’ (Flying Lessons) എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ സംഘത്തിനൊപ്പം പ്രവർത്തിക്കുന്നതിനിടയിൽ നടന്നൊരു സംഭവത്തെ കുറിച്ച് പറയുകയാണ് അംബിക റാവു. “ഫ്രാൻചെസ്ക ആർച്ചിബുഗെ ആയിരുന്നു ‘ഫ്ളൈയിംഗ് ലെസ്സൺസ്’ എന്ന ചിത്രത്തിന്റ സംവിധായിക. ഫോർട്ട് കൊച്ചിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. ആ ചിത്രത്തിന്റെ കോസ്റ്റ്യൂം ടീമിനെയാണ് ഞാൻ സഹായിച്ചത്. വളരെ ഹോം വർക്ക് ചെയ്താണ് അവർ കേരളത്തിലെത്തിയത്, ഇവിടുത്തെ ആളുകളുടെ വസ്ത്രധാരണരീതിയൊക്കെ അവർ നല്ല രീതിയിൽ നിരീക്ഷിച്ച് മനസ്സിലാക്കിയിരുന്നു,” അംബിക റാവു പറയുന്നു.
Read more: അംബിക റാവുവുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ഇവിടെ വായിക്കാം: സിനിമയെന്നാല്‍ എനിക്ക്: അംബികാ റാവു ജീവിതം പറയുന്നു
“ചെറുപ്പത്തിലെ ദത്തെടുത്ത് ഇറ്റലിയിലേക്കെത്തിയ ഒരു കുട്ടി അവന്റെ ഇറ്റാലിയൻ സുഹൃത്തിന്‍റെ കൂടെ തന്റെ വേരുകൾ തിരഞ്ഞ് കേരളത്തിലെത്തുന്നതാണ് കഥ. ഏഞ്ചൽ ടോം കരുമാത്തി എന്ന ഒരു പയ്യനായിരുന്നു പ്രധാന വേഷം കൈകാര്യം ചെയ്തത്, മലയാളികളായ അച്ഛനമ്മമാരുടെ മകനാണ് ആ ചെറുപ്പക്കാരൻ. ഇറ്റലിയിൽ ജനിച്ചു വളർന്നതു കൊണ്ട് മലയാളത്തെ കുറിച്ച് വലിയ പിടിപാടില്ല, അവന് മലയാളത്തിൽ ആകെ അറിയുന്നത് മമ്മൂക്കയെ മാത്രം.”
“ഞാൻ അക്കാര്യം മമ്മൂക്കയെ വിളിച്ചു പറഞ്ഞപ്പോൾ, ‘ആണോ, അവനെ ഇങ്ങു കൊണ്ടു വാ,’ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. അങ്ങനെ ഞങ്ങൾ മമ്മൂക്കയെ പോയി കണ്ടു. അവനെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള മുഹൂർത്തങ്ങളായിരുന്നു അത്, ഫോട്ടോ ഒക്കെയെടുത്താണ് ആ ചെറുപ്പക്കാരൻ മടങ്ങിയത്. രസകരമായ അനുഭവമായിരുന്നത്,” അംബിക പറഞ്ഞു. ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അംബിക റാവു.