തന്റെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സ്ത്രീകളെ അപമാനിക്കുന്ന വ്യക്തിയല്ല മമ്മൂട്ടിയെന്ന് നടനും മമ്മൂട്ടിയുടെ മകനുമായ ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹം ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹത്തെ വിലയിരുത്തരുത്. ആ സിനിമകള്‍ അത്തരത്തില്‍ എഴുതപ്പെട്ടവയാണെന്നും വ്യക്തിജീവിതത്തില്‍ ഒരു വാക്കുകൊണ്ടു പോലും സ്ത്രീകളെ അപമാനിക്കാത്ത ആളാണ് മമ്മൂട്ടിയെന്നും ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ വ്യക്തമാക്കി.

‘എനിക്ക് വാപ്പച്ചിയെ നന്നായറിയാം. എന്നെയും സഹോദരിയെയും അദ്ദേഹം വളര്‍ത്തിയത് എങ്ങനെയാണെന്നുമറിയാം. കുടുംബത്തിലാണെങ്കിലും പുറത്താണെങ്കിലും ഞങ്ങള്‍ സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നവരാണെന്നും എനിക്കറിയാം. ഒരിക്കല്‍ പോലും പൊതുവിടങ്ങളില്‍ ഒരു വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ സ്ത്രീകളെ അപമാനിക്കുന്ന ആളല്ല അദ്ദേഹം. സിനിമ കൊണ്ടോ, അതിലെ സംഭാഷണങ്ങള്‍ കൊണ്ടോ വാപ്പച്ചിയെ വിലയിരുത്തരുത്. അദ്ദേഹത്തെ ബാധിക്കുന്ന കാര്യങ്ങള്‍ എന്നെയും ബാധിക്കാറുണ്ട്,’ ദുല്‍ഖര്‍ വ്യക്തമാക്കി.

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഒന്നും ഇന്നുവരെ താന്‍ ചെയ്ത സിനിമകളിലും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകുകയില്ലെന്നും ദുല്‍ഖര്‍ ചൂണ്ടിക്കാട്ടി. ‘എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതപ്പെട്ട സിനിമകള്‍ അത്തരത്തിലായിരുന്നു. അന്ന് സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇത്തരത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. അഭിനേതാക്കളും ഇതേക്കുറിച്ച് അവബോധമുള്ളവരായിരുന്നില്ല. ഇപ്പോഴുള്ള തലമുറയില്‍ എല്ലാവരും ഇത്തരം കാര്യങ്ങളില്‍ അറിവുള്ളവരാണ്’ ദുല്‍ഖര്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യുവതലമുറ പൂര്‍ണമായും മൗനം പാലിക്കുകയാണെന്ന നടി രേവതി അഭിപ്രായപ്പെട്ടതിനെ കുറിച്ചുള്ള ചോദ്യത്തിന് ഈ വിഷയത്തില്‍ ഇപ്പോള്‍ ഒരഭിപ്രായം പറയാന്‍ വളരെ എളുപ്പമാണ്, എന്നാല്‍ അത്തരത്തില്‍ ഒരു അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ ഏതെങ്കിലുമൊരു വശത്ത് നില്‍ക്കുന്ന ആളുകളെ വേദനിപ്പിക്കേണ്ടി വരുമെന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി.

‘ഒരഭിപ്രായം പറയാന്‍ എളുപ്പമാണ്. ഈ വിവാദവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാ ആളുകളെയും ചെറുപ്പം മുതല്‍ അറിയാം. എന്നോട് നല്ല രീതിയിലെ എല്ലാവരും പെരുമാറിയിട്ടുള്ളൂ. പോരാത്തതിന് ഞാന്‍ അമ്മ എക്‌സിക്യൂട്ടീവിലെ അംഗവുമല്ല. ഈ വിഷയത്തില്‍ ഞാനൊരു അഭിപ്രായം പറുമ്പോള്‍ ഏതെങ്കിലുമൊരു പക്ഷം പിടിക്കണം. മറുവശത്ത് നില്‍ക്കുന്നവരെ വേദനിപ്പിക്കുന്നതാണിത്. എല്ലാ സ്ത്രീകളോടും, കൂടെ അഭിനയിക്കുന്നവരോടുമുള്ള ബഹുമാനാര്‍ത്ഥം എനിക്കു ചെയ്യാന്‍ കഴിയുന്നത് എന്റെ ചിത്രങ്ങളില്‍ അവരെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാതിരിക്കുക എന്നതാണ്. അങ്ങനെ സമൂഹത്തിനെ സ്വാധീനിക്കാനേ എനിക്കു കഴിയൂ,’ എന്നും ദുല്‍ഖര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook