സിനിമ തിരക്കുകളിൽ നിന്നും വീണുകിട്ടുന്ന അവധിദിവസങ്ങളിൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന താരമാണ് മമ്മൂട്ടി. യാത്രകളെയും ഡ്രൈവിംഗിനെയും അത്രയേറെ ഇഷ്ടപ്പെടുന്ന ആൾ. അടുത്തിടെ ഓസ്ട്രേലിയൻ പാതകളിലൂടെ കാറോടിക്കുന്ന മമ്മൂട്ടിയുടെ ഒരു വീഡിയോ ശ്രദ്ധ നേടിയിരുന്നു. സിഡ്ണിയിൽ നിന്ന് കാൻബറിയിലേക്കും അവിടുന്ന് മെൽബണിലേക്കും ഏതാണ്ട് 2300 കിലോമീറ്ററാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്. മമ്മൂട്ടിയുടെ സുഹൃത്തായ രാജശേഖരൻ, ഭാര്യ സുൽഫത്ത് എന്നിവരും ആ യാത്രയിൽ മമ്മൂട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്നു.
യാത്രാപ്രേമിയായ മമ്മൂട്ടി ട്രാവൽ വ്ളോഗ് തുടങ്ങിയെന്ന വാർത്തയാണ് രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജപ്പാനിലെ ഹിരോഷിമയിൽ നിന്നും താരം പകർത്തിയ ഒരു വ്ളോഗ് ഈ ചർച്ചകൾക്ക് ആക്കം കൂട്ടുന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥ എന്ന അന്വേഷണത്തിലാണ് ആരാധകരും.
ആറുവർഷം മുൻപ് ജപ്പാൻ യാത്രയ്ക്കിടയിൽ മമ്മൂട്ടി പകർത്തിയ വീഡിയോ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ‘പത്തേമാരി’ സിനിമയുടെ റിലീസിംഗ് സമയത്തു നിന്നുള്ളതാണ് ഈ വീഡിയോ. ‘പത്തേമാരി’ റിലീസിനെത്തുന്ന സമയത്ത് ജപ്പാൻ യാത്രയിലായിരുന്നു മമ്മൂട്ടി. ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ ചരിത്രവും അതിനുശേഷമുള്ള ജപ്പാന്റെ അതിജീവനവുമൊക്കെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിക്കുകയാണ് മമ്മൂട്ടി.
അതേസമയം, മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. ജനുവരി 19നാണ് റിലീസ്. മമ്മൂട്ടി, അശോകൻ, തമിഴ് നടി രമ്യ പാണ്ഡ്യന്, രാജേഷ് ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ നിര്മ്മാതാവും മമ്മൂട്ടിയാണ്. മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.