34 വർഷങ്ങൾക്കു മുൻപാണ് സിബിഐ ഡയറികുറുപ്പ് ഇറങ്ങുന്നത്. ആ ചിത്രത്തിന് പിന്നെയും തുടർച്ചകളുണ്ടായി. 2022ൽ സിബിഐ സീരീസിലെ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. സിബിഐ 5 ദി ബ്രെയ്ന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലെ തന്റെ ലുക്ക് ഇന്നലെയാണ് മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 34 വർഷങ്ങൾക്കിപ്പുറവും സേതുരാമയ്യർക്ക് വലിയ മാറ്റങ്ങളൊന്നുമില്ലല്ലോ എന്നാണ് ചിത്രത്തിന് ആരാധകർ കമന്റ് ചെയ്യുന്നത്.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ സിബിഐ. സേതുരാമയ്യർ സിബിഐയുടെ അഞ്ചാം പതിപ്പിൽ മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ, കനിഹ തുടങ്ങിയവരുമുണ്ട്. എസ്.എന്‍. സ്വാമി തന്നെയാണ് അഞ്ചാം ഭാഗത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. കെ. മധുവാണ് സംവിധാനം. സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് നിര്‍മാണം.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ.