കൊച്ചി: ഹൃദ്രോഗ ബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ സീരിയല്‍, സിനിമ നടി മോളി കണ്ണമാലിക്ക് മമ്മൂട്ടിയുടെ സഹായഹസ്തം. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുകൊടുക്കണമെന്നും ആവശ്യമുള്ളത് എന്താണെങ്കില്‍ ചെയ്യാമെന്നും മമ്മൂട്ടിയുടെ പിഎ അറിയിച്ചതായി മോളി കണ്ണമാലി പറഞ്ഞു. മോളി കണ്ണമാലിക്ക് സഹായാഭ്യര്‍ഥനയുമായി നടന് ബിനീഷ് ബാസ്റ്റിനും രംഗത്തെത്തി. ഫെയ്സ്ബുക്ക് ലൈവിലാണ് താരം സുമനസുകളുടെ സഹായം അഭ്യർഥിച്ചത്. സാധിക്കുന്നവരെല്ലാം സഹായിക്കണമെന്ന് ബിനീഷ് ബാസ്റ്റിൽ ഫെയ്സ്ബുക്ക് ലെെവിൽ ആവശ്യപ്പെട്ടു.
രണ്ട് തവണ തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നും തുടർന്ന് ചികിൽസിക്കാൻ പണമില്ലാത്ത അവസ്ഥയിലാണെന്നും മോളി കണ്ണമാലി പറയുന്നു. ചെക്കപ്പിന് പോകാൻ പോലും സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും ചികിത്സയ്ക്കായി ആഭരണമെല്ലാം വിറ്റെന്നും മോളി കണ്ണമാലി പറഞ്ഞു. ഇനി നാലുസെന്റ് സ്ഥലവും വീടും മാത്രമേ ശേഷിക്കുന്നുള്ളൂവെന്നും മലയാളികളുടെ പ്രിയനടി മോളിചേച്ചി പറയുന്നു.
കുറച്ച് നാളുകൾക്ക് മുൻപാണ് ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോൾ മോളിക്ക് ഹൃദയാഘാതമുണ്ടാകുന്നത്. റിഹേഴ്സലിനിടെയാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നും അവർ പിന്നീട് വെളിപ്പെടുത്തി.