മാമാങ്കത്തിന്‍റെ ഷൂട്ടിങിനിടെ മമ്മൂട്ടിയ്ക്ക് പരുക്കേറ്റു. ചിത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ സംഘട്ടനരംഗങ്ങളില്‍ ഒന്നു ചിത്രീകരിക്കുമ്പോഴാണ് പരുക്കേറ്റത്. എന്നാല്‍ സാരമുള്ളതല്ല പരുക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക രംഗത്തിന്‍റെ പെര്‍ഫെക്ഷനായി വീണ്ടും ഷൂട്ടു ചെയ്യവേയാണ് സംഭവം.

വള്ളുവനാടിന്‍റെ ചരിത്രം പറയുന്ന ചിത്രമാണ് മാമാങ്കം. നവാഗതനായ സജീവ് എസ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വന്‍ താരനിര തന്നെയുണ്ടാകും. രണ്ട് ബോളിവുഡ് അഭിനേത്രികള്‍ക്കൊപ്പം മൂന്ന് മലയാള നടികളും ചിത്രത്തില്‍ അഭിനയിക്കും.

പന്ത്രണ്ട് വര്‍ഷത്തെ ഗവേഷണത്തിനു ശേഷമാണ് സജീവ് എസ്.പിള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. 17-ാം നൂറ്റാണ്ടിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. മമ്മൂട്ടിക്കൊപ്പം നീരജ് മാധവും ചിത്രത്തിലുണ്ട്. നാല് ഷെഡ്യൂളുകളിലായാണ് മാമാങ്കം ചിത്രീകരിക്കുന്നത്. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എറണാകുളവും മംഗലാപുരവുമെല്ലാം ചിത്തിന്‍റെ ലൊക്കേഷനുകളാണ്.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായി മാമാങ്കം മൊഴി മാറ്റുന്നുണ്ട്. കൂടാതെ മലേഷ്യയിലും ഇന്തൊനേഷ്യയിലും ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാവ്യ ഫിലിംസിന്‍റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് മാഘമാസത്തിലെ വെളുത്തവാവില്‍ നടക്കുന്ന മാമാങ്കത്തിന്റേയും ചാവേറായി പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടേയും കഥയാണ് ചിത്രം പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ