മലയാളികളുടെ അഭിമാനതാരമാണ് മമ്മൂട്ടി. മെഗാസ്റ്റാർ പങ്കെടുക്കുന്ന പരിപാടികളിലെല്ലാം താരത്തെ ഒന്നു കാണാനായി ആയിരങ്ങളാണ് തടിച്ചുകൂടാറുള്ളത്. ഞായറാഴ്ച ഹരിപ്പാട് ഒരു ഉദ്ഘാടന ചടങ്ങിന് മമ്മൂട്ടി എത്തിയപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല. പ്രിയതാരത്തെ ഒന്നു കാണാനായി ജനപ്രവാഹമായിരുന്നു ഉദ്ഘാടനവേദിയിലേക്ക്. താരത്തെ കാണാനെത്തിയവർ കെഎസ്ആർടിസി ബസ്സിനു മുകളിലും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലുമൊക്കെ വലിഞ്ഞുകയറിയാണ് താരത്തെ കണ്ടത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
മമ്മൂട്ടിയെ കാണാനായി കെഎസ്ആര്‍ടിസി ബസിന്റെ മുകളില്‍ വരെ ആളുകള്‍ കയറിയതിനെ കുറിച്ചുള്ള ഒരാളുടെ കമന്റിനു താഴെ ഹരിപ്പാട് കെഎസ്ആര്‍ടിസി അധികൃതർ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്.
“മമ്മൂക്ക വികാരമല്ലേ എന്ത് ചെയ്യാന്‍ പറ്റും, സ്റ്റാന്‍ഡിന് മുകളില്‍ വരെ ആളുകള്‍ കയറി,” എന്നായിരുന്നു കെഎസ്ആർടിസി ഹരിപ്പാടിന്റെ മറുപടി.


റോഡിൽ വൻ ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടതോടെ ഒടുവിൽ മമ്മൂട്ടി തന്നെ ഇടപെട്ട് പരിപാടി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. “റോഡ് ബ്ലോക്ക് ചെയ്താൽ അത്യാവശ്യകാർക്ക് ബുദ്ധിമുട്ടാവും. നമ്മൾക്ക് സന്തോഷമാണ് ഒത്തുചേരുമ്പോൾ, അവർക്ക് പക്ഷേ ഒരുപാട് ആവശ്യങ്ങളുണ്ടാവും. അതിനാൽ പരിപാടി തീർത്ത് ഞാൻ പെട്ടെന്ന് മടങ്ങും,” എന്നായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത മയക്കം’, നിസാം ബഷീറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റോഷാക്ക്’ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ സിനിമകള്‍. സി ബി ഐ ചിത്രത്തിന്റെ 5 ാം പതിപ്പാണ് മമ്മൂട്ടിയുടേതായ് തീയറ്ററിലെത്തിയ അവസാന ചിത്രം.
നിലവിൽ ബി ഉണ്ണികൃഷ്‍ണന്റെ പുതിയ സിനിമയിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. പൂയംകുട്ടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് മമ്മൂട്ടി എത്തുന്ന വീഡിയോ അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.