അശ്വമേധം എന്ന പരിപാടിയുമായി നമുക്ക് മുന്നിലെത്തിയ ജി.എസ് പ്രദീപിനെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും പറക്കില്ല. അദ്ദേഹം സംവിധായകനാകുന്ന ‘സ്വര്‍ണ മത്സ്യങ്ങള്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. പരിപാടിക്കിടെ ജി.എസ് പ്രദീപ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ അഭിമാനം തോന്നുന്നവയാണ്.

തന്റെ വസ്ത്രത്തിനു മുകളില്‍ ഇടതു ഭാഗത്ത് നെഞ്ചോട് ചേര്‍ത്ത് ഒരു കുതിരയുടെ രൂപം പ്രദീപ് കുത്തിവച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ,

‘എന്നോട് ഇന്നിവിടെ വന്ന കൊച്ചു കുട്ടി മുതല്‍ മുതിര്‍ന്നവര്‍ പോലും ചോദിച്ചു ഇതെന്താണ് എന്ന്. പലതും നഷ്ടപ്പെട്ടിട്ടും, വീടു പോലും പോയിട്ടും ഒരു പ്രതിസന്ധിയിലും ഞാന്‍ വില്‍ക്കാതെയും പണയം വയ്ക്കാതെയും സൂക്ഷിച്ച ഒന്നാണിത്. ഇത് എന്നെ ഞാനാക്കിയ, ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ കൈരളി ടിവിയുടെ അശ്വമേധം എന്ന പരിപാടി 500 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, കൈരളി ടിവിയുടെ ചെയര്‍മാനായ നമ്മുടെ, എന്റെ, ലോകത്തിന്റൈ മമ്മൂക്ക എന്റെ ഷര്‍ട്ടില്‍ കുത്തിത്തന്നതാണ് ഈ കുതിര. ഏത് വസ്ത്രം ധരിച്ചാലും എവിടെ പോയാലും ഞാനിത് കുത്തും. ഇത് ധരിക്കുമ്പോള്‍, മനസുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ കര്‍മ്മം കൊണ്ടോ തെറ്റായത് ചെയ്യരുതെന്ന ഓര്‍മ്മപ്പെടുത്തലാണ്,’ പ്രദീപ് പറഞ്ഞു.

ചിത്ത്രതിന്റെ ഓഡിയോ ലോഞ്ച് മമ്മൂട്ടിയാണ് നിര്‍വ്വഹിച്ചത്. കുട്ടികളിലൂടെ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് സ്വര്‍ണ മത്സ്യങ്ങള്‍. സ്‌കൂള്‍ കലോത്സവങ്ങളില്‍ താരങ്ങളായ തൃശൂര്‍ സ്വദേശിനി ജെസ്മിയ, കണ്ണൂരുകാരന്‍ വിനില്‍ ഫൈസല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. സുധീര്‍ കരമന, സിദ്ധിഖ് അടക്കമുള്ള താരനിരയും ചിത്രത്തിലുണ്ട്. ബിജിപാലാണ് സംഗീതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook