നടൻ മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ് രമേഷ് പിഷാരടി. ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കി രമേഷ് സംവിധാനം ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ രമേഷ് തന്റെ ചിത്രങ്ങൾക്കു നൽകുന്ന അടികുറിപ്പ് വൈറലാകാറുണ്ട്. ഇത്തവണ താരം ചിത്രത്തിനു നൽകിയ അടികുറിപ്പിനൊപ്പം ചിത്രവും ശ്രദ്ധ നേടുകയാണ്.
മലയാളത്തിന്റെ മെഗാസ്റ്റാർ സമ്മാനിച്ച റെയ്ബാൻ ഗ്ലാസാണ് രമേഷ് ചിത്രങ്ങളിൽ അണിഞ്ഞിരിക്കുന്നത്. “നമ്മുടെ മമ്മൂക്ക നൽകിയ സമ്മാനം. നന്ദി പറഞ്ഞാൽ അത് ഫോർമാലിറ്റിയായി പോകും” എന്നാണ് രമേഷ് കുറിച്ചത്. ചിത്രത്തിനു താഴെ രസകരമായ ആരാധക കമന്റുകളും നിറഞ്ഞിട്ടുണ്ട്.
‘റോളക്സ് കിട്ടിയില്ലെങ്കിലെന്താ റെയ്ബാൻ കിട്ടിയില്ലേ’ എന്നാണ് ഒരു ആരാധകന്റെ കമന്റ്.’റോഷാക്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ആസിഫിന് താരം നൽകിയതാണ് റോളക്സ് വാച്ച്.
2019 ലാണ് രമേഷിന്റെ രണ്ടാമത്തെ സംവിധാന ചിത്രമായ ‘ഗാനഗന്ധർവ്വൻ’ റിലീസിനെത്തിയത്. ചിത്രത്തിൽ ഒരു ഗായകന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒന്നിച്ച് പ്രവർത്തിച്ചപ്പോഴുണ്ടായ രസകരമായ അനുഭവങ്ങളെല്ലാം രമേഷ് ചില വേദികളിൽ പറഞ്ഞിട്ടുമുണ്ട്. സിബിഐ സീരീസിന്റെ അഞ്ചാം ഭാഗത്തിൽ മമ്മൂട്ടിയ്ക്കൊപ്പം രമേഷ് അഭിനയിച്ചിരുന്നു.