‘റോഷാക്ക്’ സിനിമയുടെ വിജയാഘോഷത്തിനിടെ ആസിഫിന് ഒരു സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി. ആസിഫിനായി ഒരു റോളക്സ് വാച്ചാണ് മമ്മൂട്ടി സമ്മാനിച്ചിരിക്കുന്നത്. ‘വിക്രം’ വൻ വിജയമായപ്പോള്‍ കമല്ഹാസൻ സൂര്യക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോയെന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെ കുറിച്ച് സൂചന നല്‍കിയത്.
മമ്മൂട്ടിയെ കെട്ടിപ്പിടിച്ചുകൊണ്ടാണ് അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന് ആസിഫ് നന്ദി അറിയിച്ചത്. ദുൽഖർ സൽമാൻ, അമാൽ സൂഫിയ, സുൽഫത്ത് എന്നിവരും റോഷാക്ക് വിജയാഘോഷത്തിനായി എത്തിയിരുന്നു.
2022ൽ ഏറ്റവും കൂടുതൽ നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ‘റോഷാക്ക്’. ചിത്രത്തിലെ ആസിഫിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തില്‍ മുഖമൂടി ധരിച്ചാണ് ആസിഫ് അഭിനയിച്ചത്. സിനിമയിലുടനീളം ആ കഥാപാത്രത്തിന്റെ മുഖം കാണിക്കാതിരുന്നത് അനീതിയല്ലേ എന്ന ചോദ്യത്തിനു മുൻപ് മമ്മൂട്ടി നൽകിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു.
‘ ഇവിടെ നീതി, അനീതി അങ്ങനെയൊന്നുമില്ല. ഞങ്ങള്‍ക്കെല്ലാവര്‍ക്കും അവനോടു സ്നേഹം മാത്രമാണുളളത്’ മമ്മൂട്ടി പറഞ്ഞു. ആസിഫ് അലി അഭിനയിച്ചത് കണ്ണുകളിലൂടെയാണെന്നും ഒരു നടന്റെ ഏറ്റവും എക്സ്പ്രസിവായ ഭാഗം കണ്ണുകളാണെന്നും മമ്മൂട്ടി പറഞ്ഞു.
സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ റോഷാക്ക്’. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രത്തില്‍ ബിന്ദുപണിക്കർ, ജഗദീഷ്, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, കോട്ടയം നസീർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 7നാണ് ചിത്രം റിലീസിനെത്തിയത്.