പ്രായഭേദമന്യേ കൊച്ചു കുട്ടികൾ മുതൽ പ്രായമാവർ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഒരു കുഞ്ഞു ആരാധികയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. അമ്മയുടെ ഒക്കത്തിരുന്ന് ‘മമ്മൂക്കാ, മമ്മൂക്കാ’ ​എന്ന് സ്നേഹപൂർവ്വം കൊഞ്ചി വിളിക്കുന്ന കുഞ്ഞ് ആരാധികയുടെയും കുഞ്ഞിന്റെ വിളികേട്ട് തിരിഞ്ഞുനോക്കി കുട്ടിയ്ക്ക് ഫ്ളൈയിംഗ് കിസ്സ് നൽകുന്ന താരത്തിന്റെയും വീഡിയോ ആരുടെയും ഹൃദയം സ്പർശിക്കും. കഴിഞ്ഞ ദിവസം ‘ഗാനഗന്ധർവ്വ’ന്റെ ഷൂട്ടിംഗ് ലോക്കേഷനിലാണ് മമ്മൂട്ടിയെ കാണാൻ കുഞ്ഞു ആരാധിക എത്തിയത്. താരത്തിന്റെ നേരിൽ കണ്ടപ്പോഴുള്ള സന്തോഷത്തോടെയായിരുന്നു കുഞ്ഞു ആരാധികയുടെ മമ്മൂക്കാ വിളി.

‘ഗാനഗന്ധർവ്വന്റെ’ സംവിധായകനും നടനുമായ രമേഷ് പിഷാരടിയാണ് ഈ വീഡിയോ ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്. “മമ്മൂക്ക മമ്മൂക്കാ.. ഇങ്ങോട്ടു വന്നേ….ഗാനഗന്ധർവൻ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആൾ ഇയാളാണ്..,”​ എന്ന രസകരമായ ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Read more: ഒടുവിൽ ഭാസ്ക്കറിന്റെ ജ്യൂസ് കടയിലും മമ്മൂട്ടി വന്നു

ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് ‘ഗാനഗന്ധർവ്വനി’ൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മുകേഷ് , ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിoഗും നിർവഹിക്കുന്ന ഗാനഗന്ധർവ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം ശ്രീലക്ഷ്മി, ശങ്കർ രാജ്, സൗമ്യ രമേഷ് എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം നിർവ്വഹിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും വേറിട്ട ടീസറും നേരത്തേ തന്നെ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടിയുടെ വൈവിധ്യം നിറഞ്ഞ കഥാപാത്രങ്ങൾ കണ്ടു വളരുന്ന ഒരു കുട്ടിയുടെ ജീവിതമാണ് ടീസറിൽ ആവിഷ്കരിച്ചിരിക്കുന്നത്. മമ്മൂട്ടി എന്ന അഭിനയപ്രതിഭയുടെ കരിയറിലെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട് ടീസർ.

Read more: എന്നാ ഗ്ലാമറാ ഇത്: ‘ഗാനഗന്ധര്‍വ്വന്‍’ പൂജയ്ക്കെത്തിയ മമ്മൂട്ടി, ചിത്രങ്ങള്‍

“കഥാപാത്ര വൈവിധ്യങ്ങളിലൂടെ മൂന്നര പതിറ്റാണ്ടുകളിൽ അധികമായി ഇന്ത്യന്‍ സിനിമയുടെ അത്ഭുതം, മലയാളികളുടെ അഭിമാനം, എന്നെയും നിങ്ങളെയും ഒരുപോലെ വിസ്മയിപ്പിച്ച പത്മശ്രീ ഭരത് മമ്മൂട്ടി. നമ്മുടെ സ്വന്തം മമ്മൂക്കയുമായി ഒത്തുചേര്‍ന്ന് ഒരു സിനിമ. ഗാനമേള വേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായി മമ്മൂക്ക വേഷമിടുമ്പോള്‍ ആ ചെറിയ ജീവിതത്തിലെ രസങ്ങളും നീരസങ്ങളും 2019ല്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നു. സ്‌നേഹത്തോടെ കൂട്ടുകാര്‍ അയാളെ വിളിക്കുന്നു ഗാനഗന്ധര്‍വ്വന്‍” എന്ന ഡയലോഗോടെയാണ് രമേഷ് പിഷാരടി തന്റെ പുതിയ സിനിമയിലെ മമ്മൂക്കയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook