മമ്മൂട്ടി ചിത്രം ‘ഉണ്ട’യെ അഭിനന്ദിച്ച് സംവിധാകന്‍ മിഥുന്‍ മാനുവല്‍ തോമസ്. വയനാടിനെ ആക്ഷേപിച്ച് സംസാരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ മമ്മൂട്ടി ചിത്രമെന്ന് മിഥുന്‍ മാനുവല്‍ തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. വംശീയ അധിക്ഷേപം നടത്തുന്നവര്‍ക്കും അവ ആസ്വദിക്കുന്നവര്‍ക്കും മുഖം അടച്ചുള്ള അടിയാണ് ‘ഉണ്ട’ എന്ന് മിഥുന്‍ മാനുവല്‍ പറയുന്നു.

Read Also: ‘ഉണ്ട’യിൽ തെളിയുന്ന ജീവിതം

അധികാര കേന്ദ്രങ്ങളുടെ, മനുഷ്യ ജീവന് വില കല്‍പ്പിക്കാത്ത ഉദാസീനതകളുടെ, ഗര്‍വുകള്‍ തകര്‍ത്ത് ലക്ഷ്യത്തില്‍ കൊള്ളുന്ന വെടിയാണ് ഉണ്ട എന്നും ഈ സിനിമ മമ്മൂട്ടി എന്ന മഹാനടന്റെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണെന്നും മിഥുന്‍ കുറിച്ചു. ചിത്രത്തിലെ മറ്റ് നടന്‍മാരെയും മിഥുന്‍ അഭിനന്ദിച്ചിട്ടുണ്ട്. മലയാള സിനിമയിലെ കലക്കന്‍ സംവിധായകരുടെ നിരയിലേക്ക് കസേര വലിച്ചിട്ട് ഖാലിദ് റഹ്മാന്‍ ഇരിക്കുന്ന സുഖമുള്ള ദൃശ്യം കൂടിയാണ് ഉണ്ട എന്ന് മിഥുന്‍ മാനുവല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

Read Also: Unda Movie Review: ഉന്നം തെറ്റാതെ ‘ഉണ്ട’; പച്ചമനുഷ്യനായി മമ്മൂട്ടി

ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. വിനയ് ഫോര്‍ട്ട്, ആസിഫ് അലി, അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ‘ഉണ്ട’യില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ‘ഉണ്ട’യില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. പീപ്‌ലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook