മമ്മൂട്ടി ചിത്രമായ ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. ടീസറിലുടനീളം ബേബി അനിഘയാണ് നിറഞ്ഞുനിൽക്കുന്നത്. അധോലോകം കീഴടക്കി വാഴുന്ന ആളാണ് തന്റെ അച്ഛൻ ഡേവിഡ് നൈനാൻ എന്ന രീതിയിൽ കൂട്ടുകാരോട് അനിഘ പറയുന്ന ഡയലോഗുകൾ നിറഞ്ഞതാണ് ടീസർ. ഇടയ്ക്ക് കിടിലൻ ഗെറ്റപ്പിൽ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

സിഗരറ്റും വലിച്ച് നടന്നുവരുന്ന മമ്മൂട്ടിയുടെ മാസ് ലുക്കായിരുന്നു ആദ്യ ടീസറിലെ ഹൈലൈറ്റ്. ഡേവിഡ് നൈനാൻ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. തോപ്പിൽ ജോപ്പനു ശേഷം മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയുളള​ ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. നവാഗതനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകൻ.

സ്‌നേഹയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തുറുപ്പു ഗുലാൻ, വന്ദേ മാതരം എന്നീ ചിത്രങ്ങൾക്കു ശേഷം സ്‌നേഹയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ആര്യ, ഷാം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന മറ്റ് താരങ്ങൾ. ചിത്രത്തിന്റെ കഥയും തിരക്കഥയും ഹനീഫ് അദേനിയുടേതു തന്നെയാണ്. ഗോപീ സുന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഇറങ്ങുന്ന ചിത്രത്തിന്റെ നിർമാണം പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ ചേർന്നാണ്. സിനിമയുടെ മോഷൻ പോസ്റ്റർ നേരത്തെ യൂട്യൂബ് റെക്കോർഡുകൾ തകർത്തിരുന്നു. വാഗമൺ, കൊച്ചി, തൃശൂർ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ഷൂട്ടിങ് നടന്നത്. മാർച്ച് 30 ന് ചിത്രം തിയേറ്ററിലെത്തുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ