മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രമായ പേരന്‍പിന്റെ ടീസര്‍ പുറത്തിറക്കി. മമ്മൂട്ടിയുടെ അഭിനയമികവ് വിളിച്ചോതുന്ന ചിത്രമായിരിക്കും പേരന്‍പ് എന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ടീസറിന്റെ സവിശേഷതയും. ഒപ്പം മികച്ച പശ്ചാത്തല സംഗീതവും വിഷ്വലുകളും രണ്ടര മിനുറ്റോളമുള്ള ടീസറിനെ മനോഹരമാക്കുന്നു.

സിനിമയില്‍ ഒരു ടാക്സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണിത്. രണ്ടര വര്‍ഷം മുമ്പേ പേരന്‍പിന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുക. വിവിധ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവുകളിടക്കം പ്രദര്‍ശിപ്പിച്ച് കയ്യടി നേടിയിട്ടുള്ള ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകരും കാത്തിരിക്കുന്നത്.

അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലാണ് പേരന്‍പിന്റെ ചിത്രീകരണം നടന്നത്.

വര്‍ഷങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്നത്. ദളപതി, അഴകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം എന്നിവയാണ് മമ്മൂട്ടിയുടെ തമിഴിലെ പ്രധാന ചിത്രങ്ങള്‍. വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ അഭിനയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook