മലയാള സിനിമയില്‍ പൊലീസ് വേഷങ്ങള്‍ ഏറ്റവും നന്നായി കൈകാര്യം ചെയ്തിട്ടുള്ള നടന്‍മാരില്‍ മുന്‍പന്തിയിലാണ് മമ്മൂട്ടി. മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ‘സ്ട്രീറ്റ് ലൈറ്റ്‌സ്’ ഉള്‍പ്പടെ എത്രയോ വേഷങ്ങള്‍. ഏറ്റവും പുതിയ ചിത്രം, ‘അബ്രഹാമിന്റെ സന്തതികളി’ലും അദ്ദേഹം ഒരു പൊലീസ് വേഷത്തില്‍ തന്നെയാണ്.

ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’. ട്രെയിലറും ടീസറും പോസ്റ്ററുകളും പാട്ടും തന്ന പ്രതീക്ഷയില്‍, വലിയ പ്രതീക്ഷയില്‍ തന്നെയാണ് ആരാധകര്‍ തിയേറ്ററില്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ തന്നെ’ ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് ‘അബ്രഹാമിന്റെ സന്തതികള്‍’ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നീതിമാനായ പൊലീസ് ഓഫീസറാണ് ഡെറിക് എബ്രഹാം (മമ്മൂട്ടി). ജോലിയോടുള്ള ആത്മാര്‍ത്ഥത മറ്റൊന്നിനു വേണ്ടിയും കോംപ്രമൈസ് ചെയ്യാത്ത, പൊലീസ് സര്‍വ്വീസിലെ ഏറ്റവും സത്യസന്ധനും മിടുക്കനുമായ ഉദ്യോഗസ്ഥന്‍. ഡെറിക്കിന്റെ സഹോദരന്‍ ഫിലിപ്പ് (ആന്‍സന്‍ പോള്‍) ഒരു കേസില്‍ അകപ്പെടുകയും ഇതിന്റെ അന്വേഷണ ചുമതല ഡെറിക്കിനു മേല്‍ വരികയും ചെയ്യുന്നു. സാഹചര്യ തെളിവുകള്‍ ഫിലിപ്പിനെതിരാകുകയും ഫിലിപ് ജയിലിലാകുകയും ചെയ്യുന്നു. കഥ വികസിക്കുന്നത് ഇവിടെ നിന്നാണ്.

‘അബ്രഹാമിന്റെ സന്തതിക’ളെ നയിക്കുന്ന പ്രധാന കഥ ഇതാണെങ്കിലും, ആദ്യ 15 മിനിട്ടില്‍ കാണിക്കുന്നത് നഗരത്തിലെ കൊലപാതക പരമ്പര അന്വേഷിക്കാനെത്തുന്ന ഡെറിക് എബ്രഹാമിനെയാണ്. ഈ 15 മിനിട്ടില്‍, മമ്മൂട്ടിയുടെ കട്ട ഫാന്‍ അല്ലാത്ത, മമ്മൂട്ടിയെന്ന നടനെ ആത്മാര്‍ത്ഥമായി ഇഷ്ടപ്പെടുന്ന ഏതൊരാളും പ്രതീക്ഷിക്കും, മമ്മൂട്ടിയിലെ അഭിനയ തിളക്കത്തെ മുഴുനീളം കാണാമെന്ന്. അത്ര ഗംഭീരമായ തുടക്കമായിരുന്നു.

അതേ ത്രെഡ് ഡെവലപ്പ് ചെയ്തിരുന്നെങ്കില്‍ ചിത്രത്തിന്റെ ഭദ്രത കൈവിടാതെ പോകുമായിരുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’, പിന്നീടങ്ങോട്ട് തിരക്കഥാകൃത്തിന്റെ കൈയ്യില്‍ നിന്നു പോയ അവസ്ഥയിലായി. പല കഥകള്‍, കണ്‍ഫ്യൂഷനുകള്‍. ചിത്രത്തിന്റെ കഥയെന്തെന്ന് കണ്ടിറങ്ങിയിട്ടും മനസിലാകാത്ത ഗതികേട്.

ഇടയ്ക്കിടയ്ക്ക് കടന്നു വരുന്ന പഞ്ച് ഡയലോഗുകളും ചാടിയും പറന്നുമുള്ള ആക്ഷന്‍ രംഗങ്ങളും മറ്റു മമ്മൂട്ടി ചിത്രങ്ങളിലേതു പോലെ അബ്രഹാമിലുമുണ്ട്. ഇത്തവണ കൂളിംഗ് ഗ്ലാസിനു പകരം വാഹനങ്ങളായിരുന്നു എന്നൊരു വ്യത്യാസവുമുണ്ട്. ഓരോ അരമണിക്കൂറിലും ആരാധകര്‍ക്കു കൈയ്യടിക്കാനുള്ള വക ‘അബ്രഹാമിന്റെ സന്തതികള്‍’ ഒരുക്കുന്നുണ്ട്. മമ്മൂട്ടി എന്ന നടന്റെ സ്റ്റാര്‍ വാല്യൂ ഉപയോഗിച്ച്, ആരാധകരെ തൃപ്തിപ്പെടുത്താനാവശ്യമായ എല്ലാ ചേരുവകകളും ചേര്‍ത്തൊരു ചിത്രം എന്ന് ചുരുക്കത്തില്‍ വിശേഷിപ്പിക്കാം.

പെരുന്നാളും മൂന്ന് ദിവസം നീണ്ട അവധിയും ഒക്കെ ചേരുന്നത് കൊണ്ട് ആരാധകര്‍ മാത്രമല്ല, സാമാന്യ ജനവും ആദ്യ ദിവസങ്ങളില്‍ തന്നെ ഈ ചിത്രം കാണാനായി തിയേറ്ററില്‍ എത്താന്‍ സാധ്യതയുണ്ട്.  നേരത്തെ സൂചിപ്പിച്ചത് പോലെ ആരാധകരെ തൃപ്തിപ്പെടുത്താനുള്ള വക കൃത്യമായി ചേര്‍ത്തിട്ടുണ്ടെങ്കിലും ശരാശരി ആസ്വാദകന് ആവര്‍ത്തന വിരസതയോ, ബോറടിയോ ഒക്കെ തോന്നാന്‍ ഉള്ള സാധ്യതകളും ചിത്രത്തില്‍ ധാരാളമുണ്ട്.  മമ്മൂട്ടി എന്ന താരത്തോട് അന്ധമായ ആരാധന കാത്തു സൂക്ഷിക്കുന്നവരെ മാത്രം ലക്ഷ്യമിട്ടൊരുക്കിയ ചിത്രമോ ‘അബ്രഹാമിന്റെ സന്തതികൾ’ എന്ന് സംശയിക്കാവുന്ന വിധം നിരവധി സന്ദർഭങ്ങൾ ഇതിലുണ്ട്.

ഡെറിക് അബ്രഹാം തളര്‍ന്നു പോകുന്നതും, സ്വന്തം സഹോദരന്റെ ജീവിതത്തിനു മുന്നില്‍ നീതി മറന്ന് അയാള്‍ സാധാരണ മനുഷ്യനാകുന്നതും പതറിപ്പോകുന്നതും, മദ്യപാനിയാകുന്നതുമെല്ലാം കാണിക്കുന്നുണ്ട്, അതും മമ്മൂട്ടിയുടെ ഹീറോയിസം കൈവിട്ടു കളയാതെ തന്നെ.

ചിത്രത്തിലെ എടുത്തു പറയേണ്ട പ്രകടനം കലാഭവന്‍ ഷാജോണിന്റേതു തന്നെയാണ്.  ആന്‍സണ്‍ പോളും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.  സുദേവ് നായര്‍, കനിഹ, സിദ്ദീഖ്, രണ്‍ജി പണിക്കര്‍, സുരേഷ് കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ആൽബിയും എഡിറ്റിംഗ് മഹേഷ് നാരായണനുമാണ്.

തുടക്കക്കാരായ സംവിധായകര്‍ക്ക് കൈകൊടുക്കാൻ ഒരു കാലത്തും മടിയും കാണിക്കാത്ത നടനാണ് മമ്മൂട്ടി. മമ്മൂട്ടിയിലൂടെ തുറന്നു വന്ന അവസരം നനായി ഉപയോഗിച്ച് കൊണ്ട് ഉയര്‍ന്നു വന്ന ധാരാളം സംവിധായരുണ്ട്.  അന്‍വര്‍ റഷീദ്, അമല്‍ നീരദ്, ആഷിഖ് അബു, ബ്ലെസി തുടങ്ങിയ മലയാളത്തിലെ പല മികച്ച സംവിധായകരുടേയും ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പമായിരുന്നു.  പുതുമുഖ സംവിധായകര്‍ക്ക് ഡേറ്റ് കൊടുക്കുക എന്ന നിലപാട് അദ്ദേഹം ഇപ്പോഴും തുടരുന്നുണ്ട്. ഈ വര്‍ഷം ഇറങ്ങിയ മൂന്ന് മമ്മൂട്ടി ചിത്രങ്ങളുടെയും സംവിധായകർ നവാഗതരായിരുന്നു എന്നതും ശ്രദ്ധേയമാണ്.  ആ ലിസ്റ്റില്‍ ഏറ്റവും പുതിയതാണ് ഷാജി പാടൂര്‍.  തനിക്കു ലഭിച്ച അവസരത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാൻ ഷാജി പാടൂർ എന്ന സംവിധായകന് സാധിച്ചോ എന്ന് സംശയമാണ്.

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് ചേരുന്ന വിധമായി അനുഭവപ്പെട്ടില്ല. ചിത്രത്തിലെ പോസിറ്റീവ് വശം ‘യെറുശലേം നായകാ’ എന്ന ഗാനവും തുടക്കത്തിലെ ത്രില്ലിംഗ് കഥയും മാത്രമാണെന്ന് നിരാശയോടെ പറഞ്ഞു നിര്‍ത്തുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ