തന്‍റെ പുതിയ ചിത്രമായ ‘പരോളി’ന്‍റെ ഫസ്റ്റ് ലുക്ക്‌ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് ഔദ്യോഗികമായി റിലീസ് ചെയ്യും എന്നാണ് മമ്മൂട്ടി അറിയിച്ചിരുന്നത്. എന്നാല്‍ അതുവരെ കാത്തു നില്‍ക്കാന്‍ അക്ഷമരായ  ആരാധകര്‍ ഇപ്പോള്‍ത്തന്നെ ‘പരോള്‍’ ഫസ്റ്റ് ലുക്ക്‌ സോഷ്യല്‍ മീഡിയില്‍ ആഘോഷിക്കുകയാണ്. ട്വിറ്റര്‍ ഉള്‍പ്പെടെ പല സമൂഹ മാധ്യമങ്ങളിലും അതിപ്പോള്‍ സജീവമാണ്.  ഇത് തന്നെയാണോ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ എന്ന് വൈകിട്ട് വരെ കാത്തിരുന്നു കാണേണ്ടി വരും.

 

ശരത് സന്‍ദിത് ആണ് ‘പരോളി’ന്‍റെ സംവിധായകന്‍. ഇനിയയാണ് നായിക.  മമ്മൂട്ടിയുടെ സഹോദരിയുടെ വേഷത്തില്‍ മിയയും എത്തുന്നു.

ചിത്രം ഒരു സ്റ്റൈലിഷ് ത്രില്ലര്‍ ആയിരിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് വിവരം. അജിത് പൂജപ്പുരയാണ് തിരക്കഥ. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോളിനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടു ഷെഡ്യൂളിലായി ബെംഗളൂരുവിലും കേരളത്തിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ബാഹുബലിയിലെ കാലകേയനെ അവതരിപ്പിച്ച തെലുങ്കു നടന്‍ പ്രഭാകര്‍, സിദ്ധിഖ്, സുരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ജയില്‍ പശ്ചാത്തലമായി നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടി മുമ്പും നായകനായിട്ടുണ്ട്. ഭൂതക്കണ്ണാടി, നിറക്കൂട്ട്, മതിലുകള്‍, ന്യൂഡല്‍ഹി, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു ശ്രദ്ധേയ കഥാപാത്രമായിരിക്കും പരോളിലേത് എന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ