scorecardresearch

ഭാസ്‌ക്കർ ദ ഫാൻ; മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആരാധന

ഓരോ ദിവസവും മമ്മൂട്ടിയെന്ന ‘സിലബസ്’ അപ്‌ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു കട്ട മമ്മൂട്ടി ആരാധകന്റെ കഥ

ഭാസ്‌ക്കർ ദ ഫാൻ; മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആരാധന

മമ്മൂട്ടി​ എന്ന പേര് ഗൂഗിളിൽ തിരഞ്ഞാൽ ലഭിക്കുന്ന വിവരങ്ങളേക്കാളും ആധികാരികതയോടെ മമ്മൂട്ടിയെ കുറിച്ചു സംസാരിക്കുന്ന ഒരാളുണ്ട് കേരളത്തിൽ. മമ്മൂട്ടിയുടെ ‘ഗൂഗിൾ’ എന്നും ‘എൻസൈക്ലോപീഡിയ’ എന്നുമൊക്കെ സുഹൃത്തുക്കൾ വിളിക്കുന്ന തിരുവനന്തപുരം സ്വദേശി ഭാസ്ക്കർ.

ചൊവ്വാഴ്ച ആറ്റുകാൽ ക്ഷേത്രത്തിലെ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്തെത്തിയ മമ്മൂട്ടി പത്മനാഭസ്വാമി ക്ഷേത്രത്തിന് അരികിലെ  ‘ജ്യൂസ് വേൾഡ്’ സന്ദർശിച്ചത് ഭാസ്ക്കറിന്റെ മമ്മൂട്ടി പ്രേമം അറിയാത്തവർക്കൊക്കെ കൗതുകം ഉണർത്തുന്ന കാഴ്ചകളിൽ ഒന്നായിരുന്നു. എന്നാൽ ഭാസ്ക്കറിനെ അറിയുന്നവർക്ക് അതിൽ പുതുമകളൊന്നുമില്ല താനും.

“കട തുടങ്ങുന്ന സമയത്ത് ഞാൻ വീട്ടിൽ പോയി മമ്മൂട്ടിയെ ക്ഷണിച്ചിരുന്നു. അന്ന് അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല, ഇനി തിരുവനന്തപുരത്ത് വരുമ്പോൾ തീർച്ചയായും വരാം എന്ന് വാക്ക് പറഞ്ഞിരുന്നു,” ജ്യൂസ് കടയിലേക്കുള്ള മമ്മൂട്ടിയുടെ സന്ദർശനത്തെ കുറിച്ച് ഭാസ്ക്കർ പറയുന്നു. ഭാസ്ക്കറിനോടും കുടുംബത്തിനോടും  സംസാരിച്ചതിനു ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. “ഞാനിവിടെ കടയിലായിരുന്നു. അദ്ദേഹത്തിന് കടയിലേക്കുള്ള വഴി കാണിച്ച് മുന്നിലും പിന്നിലുമായി പൈലറ്റ് വന്നത് ഞങ്ങളുടെ ഫാൻസ് അസോസിയേഷനിലെ വളരെ സജീവമായ ആറേഴു സുഹൃത്തുക്കളാണ്,” ഭാസ്കർ പറഞ്ഞു.

മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള ആരാധനയുടെയും സ്നേഹബന്ധത്തിന്റെയും കഥയാണ് ഭാസ്ക്കറിനു മമ്മൂട്ടിയെ കുറിച്ച് പറയാനുള്ളത്.  ‘ഒരു വടക്കൻ വീരഗാഥ’ (1989) കാലത്താണ് ഭാസ്ക്കർ മമ്മൂട്ടിയെ ആദ്യം കാണുന്നത്.  “മമ്മൂക്കയുടെ അഭിനയം ഇഷ്ടപ്പെടുന്ന ഒരു ആരാധകൻ ആയിരുന്നു ഞാൻ. അന്നൊക്കെ തിരുവനന്തപുരത്തെ തിയേറ്ററുകളിൽ മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് ഭയങ്കര കൂവലും ബഹളവുമൊക്കെയായിരുന്നു. മോഹൻലാലിനായിരുന്നു തിരുവനന്തപുരത്ത് അന്ന്  പിന്തുണ കിട്ടിയിരുന്നത്. തിയേറ്ററിലെ ഈ കൂവലും ബഹളവുമൊക്കെ കണ്ടപ്പോഴാണ് മമ്മൂട്ടിയ്ക്കും തിരുവനന്തപുരത്ത് ആരാധകരുണ്ടാകണം എന്നൊരു നിർബന്ധബുദ്ധി എനിക്ക് തോന്നിയത്. അങ്ങനെ സുഹൃത്ത് അശോകനുമായി പ്ലാൻ ചെയ്ത് കുറേപ്പേരെ കൂട്ടി ഞങ്ങളൊരു ഫാൻസ് കൂട്ടായ്മ ഉണ്ടാക്കി.”മമ്മൂട്ടിയുമായുള്ള ബന്ധം തുടങ്ങിയതിനെ കുറിച്ച് ഭാസ്ക്കർ പറയുന്നതിങ്ങനെ.

“ആ വർഷം ഏപ്രിൽ 14 നായിരുന്നു ‘വടക്കൻ വീരഗാഥ’യുടെ റിലീസ്. അതിനോട് അനുബന്ധിച്ച് ഞങ്ങളൊരു ഫാൻസ് കൂട്ടായ്മ ഉണ്ടാക്കി. തിരുവനന്തപുരം കൃപയിലായിരുന്നു റിലീസ്. ഇപ്പോഴത്തെ ഫ്ളക്സ് ഒന്നുമില്ല​ അന്ന്, ബാനറാണ് ഉള്ളത്. മൂന്നു മീറ്റർ നീളമുള്ള ഒരു ബാനർ കൃപ തിയേറ്ററിൽ കെട്ടികൊണ്ടാണ് ഞങ്ങൾ തുടങ്ങിയത്. പിന്നീട്  ചിത്രത്തിന്റെ നൂറാം ദിവസവും തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഞങ്ങൾ​ ആഘോഷിച്ചു.”

“ആ സമയം മമ്മൂക്ക തിരുവനന്തപുരത്തുണ്ട്, ‘ജാഗ്രത’ എന്ന പടത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങൾ ലൊക്കേഷനിൽ ചെന്ന് അദ്ദേഹത്തെ കണ്ടു, ഒരു ഫാൻസ് കൂട്ടായ്മ തുടങ്ങിയിട്ടുണ്ട് എന്നു പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം. അങ്ങനെ പരിചയപ്പെട്ടു. ഡാൻസർ തമ്പിയാണ് മമ്മൂക്കയെ പരിചയപ്പെടാൻ അവസരമൊരുക്കിയത്. അതു കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് അറിയുന്നത് ‘കാർണിവൽ’, ‘അർത്ഥം’ എന്നിങ്ങനെ രണ്ടു പടങ്ങൾ രണ്ടു ദിവസത്തെ ഗ്യാപ്പിൽ റിലീസിനൊരുങ്ങുന്നു എന്ന്. വീണ്ടും തമ്പി മമ്മൂക്കയുമായി കാണാൻ ഒരു അവസരമൊരുക്കി തന്നു. തിരുവനന്തപുരത്ത് പങ്കജ് ഹോട്ടലിലാണ് അന്ന് മമ്മൂക്ക സ്ഥിരമായി താമസിക്കുന്നത്. തമ്പിയുടെ പരിചയം പറഞ്ഞ് ഞങ്ങൾ ആറേഴുപേർ മമ്മൂക്കയെ ഹോട്ടലിൽ പോയി കണ്ടു. റൂമിൽ വെച്ച് മമ്മൂക്ക ഞങ്ങളെ പരിചയപ്പെട്ടു. കുറേ സംസാരിച്ചു.”

“രണ്ടു പടങ്ങൾ അടുപ്പിച്ച് വേണ്ട, മാറ്റിയാൽ കൊള്ളാം എന്നൊക്കെ ഞങ്ങൾ സ്നേഹത്തോടെ പറഞ്ഞു. പക്ഷേ​ റിലീസ് എല്ലാം ഫിക്സ് ചെയ്തതു കൊണ്ട് മാറ്റാൻ കഴിയില്ലായിരുന്നു. അങ്ങനെയാണ് ബന്ധം തുടങ്ങുന്നത്. പിന്നെ ഫോൺ വിളിയായി. ഫാൻസ് ആണ്,​ ഭാസ്ക്കർ ആണെന്ന് പറഞ്ഞാണ് ഞാൻ ഫോണിൽ വിളിക്കുക. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു. ‘ഫാൻസ് ആണെന്ന് പറയേണ്ട, എനിക്ക് ആളെ മനസ്സിലായി, ഭാസ്ക്കർ എന്നു പറഞ്ഞാൽ മതിയെന്ന്.’ അന്ന് മൊബൈലൊന്നും ഇല്ല, ലാൻഡ് ഫോണിലാണ് വിളിയെല്ലാം,” ഭാസ്ക്കർ പറഞ്ഞു.

“‘ഭൂതക്കണ്ണാടി’യുടെ ഷൂട്ടിംഗ് ജയിലിൽ നടക്കുമ്പോൾ ഞങ്ങൾ മമ്മൂക്കയെ ഒരു മീറ്റിംഗിനു വിളിച്ചു.​ ഞാൻ വരണോ എന്നൊക്കെ ചോദിച്ച് ആദ്യം മമ്മൂക്ക മടിച്ചു. അവസാനം ഷൂട്ടിംഗ് കുറച്ചുനേരത്തേക്ക് നിർത്തി വെച്ച് അദ്ദേഹം മീറ്റിംഗിനെത്തി. ‘കോട്ടയം കുഞ്ഞച്ചൻ’ സിനിമയുടെയൊക്കെ സംവിധായകനായ ടി എസ് സുരേഷ് ബാബു, പരേതനായ തിരക്കഥാകൃത്ത് ടി ദാമോദരൻ എന്നിവരും കൂടെയുണ്ടായിരുന്നു. ’90 കളിൽ ആണത്. ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരുന്നു മലയാളത്തിൽ നിന്ന് ഒരു നടൻ ഫാൻസ് മീറ്റിംഗിൽ പങ്കെടുക്കുന്നത്,” ഭാസ്ക്കർ ഓർക്കുന്നു.

സിനിമാതാരങ്ങൾ ജ്വല്ലറിയും ടെക്സ്റ്റൈയിൽസും അപ്പാർട്ട് സമുച്ചയങ്ങളും ഒക്കെ ഉദ്ഘാടനം ചെയ്യുന്നത് പതിവു കാഴ്ചയാണ്. എന്നാൽ ഒരു സ്കൂട്ടർ ഉദ്ഘാടനം ചെയ്ത ഏകതാരം എന്ന കൗതുകം മമ്മൂട്ടിയുടെ പേരിൽ എഴുതിചേർക്കപ്പെടാൻ നിമിത്തമായതും ഭാസ്ക്കറാണ്. 16 വർഷം മുൻപു നടന്ന ആ സംഭവം ചിരിയോടെ ഭാസ്ക്കർ ഓർത്തെടുക്കുന്നു.

“ഞാൻ സൂര്യ ടിവിയിൽ ജോലിയ്ക്ക് കയറിയ സമയമാണ്. ഒരു പുതിയ സ്കൂട്ടർ വാങ്ങാൻ തീരുമാനിച്ചു.  മമ്മൂക്ക അദ്ദേഹത്തിന്റെ മെഗാബൈറ്റ് സ്റ്റുഡിയോയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുണ്ട്. ഞാനപ്പോൾ അദ്ദേഹത്തോട് ചോദിച്ചു, ഒരു വണ്ടി ഉദ്ഘാടനം ചെയ്തു തരാവോ? മമ്മൂക്ക വിചാരിച്ചത് വല്ല കാറുമായിരിക്കുമെന്നാണ്. സ്കൂട്ടറാണെന്ന് പറഞ്ഞപ്പോൾ മമ്മൂക്കയ്ക്ക് ആവേശമായി. ആരും സ്കൂട്ടർ ഒന്നും ഉദ്ഘാടനം ചെയ്യാറില്ലല്ലോ. പിറ്റേ ദിവസം മദ്രാസ്സിലേക്ക് പോവാൻ മമ്മൂക്ക ടിക്കറ്റെടുത്തിരിക്കുകയായിരുന്നു,​ അതൊക്കെ അപ്പോൾ തന്നെ ക്യാൻസൽ ചെയ്തു.”

“സ്കൂട്ടർ എങ്ങനെ ഹോട്ടലിലേക്ക് കൊണ്ടുവരും എന്നു ചോദിച്ചു. മരക്കാർ മോട്ടേഴ്സിൽ നിന്ന് അധിക ദൂരമില്ലല്ലോ, ഞാനിങ്ങോട്ട് ഉരുട്ടി കൊണ്ടുവരാം എന്നു പറഞ്ഞു. അന്ന് തന്നെ ഞാനോടി ഷോറൂമിൽ ചെന്നു, എന്തുവന്നാലും അടുത്തദിവസം എനിക്ക് രാവിലെ സ്കൂട്ടർ കിട്ടണം, മമ്മൂട്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത് എന്നു പറഞ്ഞു. അവരാദ്യം കരുതിയത്, ഞാൻ കള്ളം പറയുകയാണെന്നാണ്. പിന്നെ കാര്യം അറിഞ്ഞപ്പോൾ ഞെട്ടി. പിറ്റേന്ന് തന്നെ ഞാൻ സ്കൂട്ടർ ഉരുട്ടി ഹോട്ടലിലെത്തി. മമ്മൂക്ക ഇറങ്ങി വന്ന് കിക്കർ​ അടിച്ച് ഉദ്ഘാടനം ചെയ്തു. ഹോട്ടലിന്റെ കോമ്പൗണ്ടിൽ വണ്ടി ഓടിച്ചു നോക്കുകയും ചെയ്തു.  2002 ജൂൺ 19 നായിരുന്നു ആ അസുലഭമുഹൂർത്തം,” ഭാസ്ക്കർ പറഞ്ഞു.

Read more: ‘മമ്മൂക്കാക്കിഷ്ടപ്പെട്ട മട്ടൻ ബിരിയാണി’; മെഗാസ്റ്റാറിന്റെ ആതിഥ്യത്തിന് രുചി പകരുന്ന വിശേഷപ്പെട്ട ബിരിയാണിയുടെ കിസ്സ

തിയേറ്റർ  പ്രതികരണവും സിനിമകൾ എങ്ങനെ സ്വീകരിക്കപ്പെടും എന്നുമൊക്കെ മനസ്സിലാക്കാൻ ഇന്നത്തെ സംവിധാനങ്ങളുമൊന്നുമില്ലാതിരുന്ന അക്കാലത്ത് റിലീസിനെത്തുന്ന ചിത്രങ്ങളുടെ കൃത്യമായ ഫീഡ്ബാക്ക് മമ്മൂട്ടിയെ അറിയിച്ചു കൊടുക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ഭാസ്ക്കർ.  മമ്മൂക്കയെ കാണാൻ പലവട്ടം മദ്രാസിലെ വീട്ടിലും ‘ദളപതി’ റിലീസ് കാലത്ത് ആദ്യഷോ കാണാൻ നാഗർകോവിലിലുമൊക്കെ പോയിട്ടുള്ള വ്യക്തിയാണ് ഭാസ്ക്കർ. എവിടെ  പോയിട്ടാണെങ്കിലും മമ്മൂട്ടി സിനിമകൾ കാണണമെന്ന ഭാസ്ക്കറിന്റെ തീവ്രമായ ആഗ്രഹമായിരുന്നു ആ യാത്രകൾക്കെല്ലാം പിറകിൽ.

“എന്റെ വിവാഹത്തിനും മമ്മൂക്ക വന്നിരുന്നു,” ഭാസ്ക്കർ ഓർക്കുന്നു. മമ്മൂക്കയോടുള്ള ഇഷ്ടം മകൻ ദുൽഖറിനോടും ഭാസ്ക്കറിനുണ്ട്. “കുഞ്ഞായപ്പോൾ മുതൽ കാണുന്നതല്ലെ ദുൽഖറിനെയും. സുറുമിയുടെയും ദുൽഖറിന്റെയും വിവാഹത്തിനും ഞാൻ പോയിരുന്നു,” ഭാസ്ക്കർ പറഞ്ഞു നിർത്തി.

ഇന്നും മമ്മൂട്ടിയുടെ ഓരോ ദിവസത്തെ പരിപാടികളും വിശേഷങ്ങളും അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കുകയാണ് ഭാസ്ക്കർ. ചിലയിഷ്ടങ്ങൾ പുഴ പോലെയാണ്, എത്രയൊഴുകിയാലും അത് കടലിലാണ് ചെന്നവസാനിക്കുക. ഭാസ്ക്കറിന്റെ ഓരോ ദിനരാത്രങ്ങളും മമ്മൂട്ടിയിൽ ചെന്നവസാനിക്കുന്നതു പോലെ, അതൊഴുകി കൊണ്ടേയിരിക്കുന്നു.

Read more: മമ്മൂട്ടിയെ ‘പേരന്‍പി’ലേക്ക് എത്തിച്ച ‘യാത്ര’

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty fanboy bhaskar juiceworld scooter