/indian-express-malayalam/media/media_files/uploads/2020/12/Mammootty-Sameera-Saneesh-1.jpg)
മമ്മൂക്കയ്ക്ക് കോസ്റ്റ്യൂം ചെയ്യുമ്പോൾ
"ചെറുപ്പം മുതല്‍ തന്നെ ഞാന്‍ മമ്മൂക്ക ഫാന്‍ ആണ്. വീട്ടിലാണെങ്കില്‍ ബാക്കിയുള്ളവരെല്ലാം ലാലേട്ടന്‍ ഫാന്‍സും. ഇറങ്ങുന്ന എല്ലാ മമ്മൂട്ടി സിനിമകളുടെയും പത്രകട്ടിങ്ങുകള്‍ സൂക്ഷിച്ച് വയ്ക്കലായിരുന്നു എന്‍റെ പണി. വളരെ സമര്‍പ്പണത്തോട് കൂടിയാണ് ഈ കാര്യങ്ങള്‍ ഒക്കെ ഞാന്‍ ചെയ്ത് കൊണ്ടിരുന്നത്! പത്തില്‍ പഠിയ്ക്കുന്ന സമയത്ത് അങ്ങനെ ഒരു ദിവസം അറിയുന്നു, അഞ്ചുമനക്ഷേത്രത്തില്‍ 'കളിയൂഞ്ഞാല്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുവെന്ന്. ഒട്ടും താമസിച്ചില്ല, പോകണമെന്ന് പറഞ്ഞ് ഞാന്‍ വീട്ടില്‍ ബഹളമുണ്ടാക്കിത്തുടങ്ങി. വേറെ ആര്‍ക്കും വല്യ താല്‍പ്പര്യമൊന്നുമില്ല. ചേച്ചിമാര്‍ക്കും അനിയത്തിയ്ക്കുമൊക്കെ പുച്ഛം!
എന്നെക്കൊണ്ടുള്ള ശല്യം മൂത്ത് അവസാനം ഉമ്മച്ചി എന്നെമാത്രം കൊണ്ട് പോയി. അന്ന് മമ്മൂക്കയെ ആദ്യമായി കണ്ട രംഗം ഇപ്പോഴും മനസ്സില്‍ ഉണ്ട്. അഞ്ചുമന അമ്പലത്തില്‍ വച്ച് മമ്മൂക്ക ശോഭനയെ പെണ്ണുകാണാന്‍ വരുന്ന രംഗമാണ്. നല്ല ഭംഗിയുള്ള ചുവന്ന കളര്‍ കാര്‍, അതില്‍ നിന്നിറങ്ങുന്ന മമ്മൂക്ക. ഞാന്‍ മിഴിച്ചു നോക്കി നില്‍ക്കുവാണ്. അത്രേം ആളുകള്‍ കൂടി നില്‍ക്കുന്നിടത്ത് മമ്മൂക്ക ഇങ്ങനെ ജ്വലിച്ച് നില്‍ക്കുന്നു. ആ ആദ്യ കാഴ്ച എന്റെ മനസ്സില്‍ ഇന്നുമുണ്ട്. അന്ന് ഓട്ടോഗ്രാഫ് ഒക്കെ വാങ്ങിച്ചിരുന്നു. അതൊക്കെ ഭയങ്കര സംഭവമായി അന്ന് എല്ലാരോടും പറഞ്ഞു നടന്നു!
അങ്ങനെയുള്ള മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ ഓഫര്‍ വന്നപ്പോള്‍ത്തന്നെ ചങ്കിടിച്ചു. ആഷിക്കാണ് ധൈര്യം തന്നത്. അങ്ങനെ ഷൂട്ട് തുടങ്ങി. ആദ്യമാദ്യം സംസാരിയ്ക്കാനൊക്കെ ഭയങ്കര പേടി. മമ്മൂക്കയെ കാണുമ്പോള്‍ തന്നെ ഞാന്‍ വിറച്ച് തുടങ്ങും. പോരാത്തതിന് പറഞ്ഞ് കേട്ട കലിപ്പ് കഥകള്‍ ധാരാളം! പക്ഷെ പയ്യെപ്പയ്യെ അത് മാറി വന്നു. അടുത്തറിഞ്ഞപ്പോഴാണ് മമ്മൂക്ക എന്ന വ്യക്തിയെ മനസ്സിലായത്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിയ്ക്കപ്പെട്ടിട്ടുള്ള ഒരു സെലിബ്രിറ്റിയാണ് മമ്മൂക്ക എന്ന് തോന്നാറുണ്ട്. പ്രത്യേകിച്ചും കോസ്റ്റ്യൂമിന്റെ കാര്യത്തില്‍ അദ്ദേഹം കര്‍ക്കശക്കാരനാണ് എന്നാണു പൊതുവേയുള്ള ധാരണ. ബ്രാന്‍ഡ് മാത്രമേ ഇടൂള്ളൂ, ഡിസൈനിങ്ങില്‍ സ്വന്തം വാശികള്‍ കാണിയ്ക്കും എന്നൊക്കെ കേട്ടിരുന്നു. പക്ഷെ ഇക്കാര്യത്തില്‍ യാതൊരു പിടിവാശിയുമില്ലാത്ത ഒരാളാണ് മമ്മൂക്ക എന്നതാണ് സത്യം.
സ്ടിച്ചിംഗ് നന്നാവണം എന്ന് നിര്‍ബ്ബന്ധമുണ്ട്. കോസ്റ്റ്യൂം വെറുതെ നല്ലതാ എന്ന് ഭംഗിവാക്കിന് പുകഴ്ത്തുന്നത് ഒന്നും മമ്മൂക്കയ്ക്ക് ഇഷ്ടമല്ല. മോശമാണെങ്കില്‍ മോശമാണെന്ന് പറയണം. കഥാപാത്രത്തിന്‍റെ ഒറിജിനാലിറ്റിയ്ക്ക് വേണ്ടി ചിലപ്പോള്‍ കോസ്റ്റ്യൂം ഡള്‍ ചെയ്യേണ്ടി വരാറുണ്ട്. അത് ചിലപ്പോള്‍ മമ്മൂക്ക ഇങ്ങോട്ട് പറയുകയും ചെയ്യും. ഇതെന്താണ് വടി പോലെയിരിയ്ക്കുന്നെ, ഇതൊന്നു ഡള്‍ ചെയ്തുകൂടെ എന്നൊക്കെ. പക്ഷെ സത്യം എന്താണെന്ന് വച്ചാല്‍ മമ്മൂക്കയെ സുന്ദരനാക്കാനല്ല അങ്ങനെയല്ലാതാക്കാനാണ് ബുദ്ധിമുട്ട്. മതിലിന് പെയിന്റടിയ്ക്കുക എന്ന് കേട്ടിട്ടില്ലേ. അതുപോലാണ്. എത്ര ഡള്‍ ആക്കിയാലും മമ്മൂക്ക മമ്മൂക്ക തന്നെ!
വര്‍ക്ക് ചെയ്തുകഴിഞ്ഞാലും വല്യ അഭിപ്രായമൊന്നും പറയാത്ത മമ്മൂക്ക ഒരിയ്ക്കല്‍ അങ്ങനെ പറഞ്ഞിട്ടുമുണ്ട്. അത് പക്ഷെ ദുല്‍ഖറിന്റെ കോസ്റ്റ്യൂമിനെക്കുറിച്ചാണ്. 'ഉസ്താദ് ഹോട്ടലി'ല്‍ ദുല്‍ഖറിന്റെ കോസ്റ്റ്യൂം ഒരുപാട് നന്നായെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്.മ റ്റുള്ളവരുടെ സിനിമകളും കോസ്റ്റ്യൂമുകളും ഒക്കെ ശ്രദ്ധിയ്ക്കുന്ന ഒരാളാണ് മമ്മൂക്ക എന്നറിഞ്ഞപ്പോള്‍ ഭയങ്കര അത്ഭുതം തോന്നി, സന്തോഷവും.
നടീനടന്മാര്‍ ആരായാലും സ്ക്രീനില്‍ കഥാപാത്രങ്ങള്‍ ഏറ്റവും ഭംഗിയായിരിയ്ക്കണമെന്ന ആഗ്രഹത്തോടെയാണ് ഓരോ വര്‍ക്കും ചെയ്യുന്നത്. എങ്കിലും നമ്മള്‍ ഡിസൈന്‍ ചെയ്ത ഡ്രസ്സ് ഇട്ടുവരുമ്പോള്‍ ഏറ്റവും സംതൃപ്തി തോന്നിപ്പിക്കുന്നയാള്‍ മമ്മൂക്കയാണ്. ഒന്നാമത് ദൈവം അനുഗ്രഹിച്ച് നല്‍കിയ ഒരു ശരീരം. പിന്നെ നമ്മള്‍ നല്‍കുന്ന ഡ്രെസ് എങ്ങനെ നന്നായി പ്രെസന്റ് ചെയ്യണമെന്ന വ്യക്തമായ ധാരണ. ഡാഡി കൂളിന് ശേഷം ഒരുപാട് സിനിമകള്‍ മമ്മൂക്കയോടൊപ്പം ചെയ്തു. അത്ഭുതങ്ങളുടെ ആകാശം താഴെ അടുത്തു വന്നു നിന്നിട്ടും പഴയ പത്താം ക്ലാസ്സുകാരി കുട്ടിയുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല എന്നതാണ് സത്യം, ഇതുവരെ!
/indian-express-malayalam/media/media_files/uploads/2020/12/Mammootty.jpg)
ദുൽഖർ- ഏറ്റവും പ്രിയപ്പെട്ട സഹപ്രവർത്തകൻ
മമ്മൂക്കയെക്കള്‍ കൂടുതല്‍ സിനിമകളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിരിക്കുന്നത് ദുല്‍ഖറിന് വേണ്ടിയാണ്. എന്‍റെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ദുൽഖര്‍ തന്നെയാണ്. പേഴ്സണലായും പ്രൊഫഷണലായും എനിയ്ക്ക് ഏറ്റവും ബഹുമാനമുള്ള ഒരാളാണ് ദുല്‍ഖര്‍.
മമ്മൂക്കയുടെയും ദുൽഖഖറിന്‍റെയും ഗുണം എന്താണെന്ന് വച്ചാല്‍ ഇവര്‍ക്ക് ഫാഷനെക്കുറിച്ചും ഫാബ്രിക്കിനെക്കുറിച്ചുമെല്ലാം നല്ല ധാരണയുണ്ട് എന്നതുതന്നെയാണ്. ഡ്രസ് മാത്രമല്ല അതിനു ചേരുന്ന ബെല്‍റ്റ്, കൂളിംഗ് ഗ്ലാസ്, ആക്സസറീസ് ഇതിന്റെയൊക്കെ ചേര്‍ച്ച ഉള്‍പ്പെടെ നല്ല ബോധ്യമുണ്ട്. പുതിയ ഫാഷനുകള്‍, ട്രെന്‍ഡ് ഒക്കെ നിരീക്ഷിയ്ക്കുകയും ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിയ്ക്കുകയും ചെയ്യും. അത് മാത്രമല്ല ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. നമ്മള്‍ ഡിസൈന്‍ ചെയ്ത് കൊടുത്താല്‍ അത് എങ്ങനെ ഏറ്റവും നന്നായി ‘ക്യാരി ചെയ്യണം എന്നറിയാം.അത് നമ്മള്‍ ചെയ്ത ജോലിയ്ക്ക് ഒരു വലിയ അംഗീകാരമാണ്. ഒരു ഡിഗ്നിറ്റി ലഭിയ്ക്കുന്നത് പോലെയാണ്. ചിലര്‍ പക്ഷെ നേരെ തിരിച്ചാണ്. കൊടുക്കുന്ന ഡ്രസ്സ് വേണ്ട രീതിയിലായിരിയ്ക്കില്ല ഇടുന്നത് പോലും. എന്തിനാണ് ദൈവമേ ഇത്രയും കഷ്ടപ്പെട്ടതെന്ന് ചിന്തിച്ച് പോകും.
ചാര്‍ളിയിലെ ‘ഒരു കരിമുകിലിന്’ എന്നുതുടങ്ങുന്ന ഗാനത്തിന് വേണ്ടി മൂന്നുദിവസം കൊണ്ടാണ് ഡിസൈനിംഗ് ചെയ്തത്. അന്ന് പാര്‍വ്വതിയുടെ കോസ്റ്റ്യൂമിന്‍റെ കാര്യത്തില്‍ ചില കൺഫ്യൂഷനുകള്‍ ഉണ്ടായിരുന്നു. കണ്ണാടി വേണ്ടന്നായിരുന്നു ആദ്യം. മൂക്കൂത്തി മനസ്സില്‍ ഉദ്ദേശിച്ചത് കിട്ടാത്തതിനാല്‍ കമ്മല്‍ വാങ്ങിയിട്ട് ഫിറ്റ് ചെയ്യുകയായിരുന്നു.
ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത ഒരു ചിത്രമാണ് 'ചാര്‍ളി'. ആ ഗാനരംഗം ഷൂട്ട് ചെയ്തത് ധനുഷ്ക്കോടിയിലായിരുന്നു. ഗാനരംഗത്തില്‍ വെള്ളയും ചുവപ്പും ചേര്‍ന്ന ഒരു ഡ്രസ്സ് ഉണ്ട്. അത് സ്റ്റിച്ച് ചെയ്തതായിരുന്നില്ല. ക്ലോത്ത് കൊണ്ട് കളം കളം പോലെ കട്ട് ചെയ്ത് ചേര്‍ത്തു വയ്ക്കുകയായിരുന്നു. നല്ല കാറ്റാണ് ധനുഷ്കോടിയില്‍... കാറ്റടിയ്ക്കുമ്പോഴേയ്ക്കും അത് പിഞ്ഞിപ്പോയിത്തുടങ്ങും. മൂന്ന് ദിവസം കൊണ്ടാണ് ആ ഗാനരംഗത്തിന്റെ ഷൂട്ടിംഗ് തീര്‍ന്നത്. ഓരോ ദിവസവും ഷൂട്ട് കഴിയുമ്പോള്‍ അത് മുഴുവന്‍ പിഞ്ഞിപ്പോയിട്ടുണ്ടാകും. രാത്രിയിലിരുന്നു വീണ്ടും പിടിപ്പിയ്ക്കും. അങ്ങനെ മൂന്ന് ദിവസം കൊണ്ട് ഒരു വിധത്തിലാണ് അത് പൂര്‍ത്തിയാക്കിയത്. കുറച്ച് കഷ്ടപ്പെട്ടെങ്കിലും ആ പാട്ട് കാണുമ്പോള്‍, ആ ഡ്രസ്സിന്റെ ഭംഗി കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്.
ദുൽഖറിനോടുള്ള ബഹുമാനം നടന്‍ എന്നതിനപ്പുറം ആ വ്യക്തിയുടെ ചില പ്രത്യേകതകള്‍ കൊണ്ടാണ്. എല്ലാവരോടുമുള്ള പെരുമാറ്റം തന്നെയാണ് ഒരു കാരണം. താരജാഡയില്ല. 'ഉസ്താദ് ഹോട്ടല്‍' ചെയ്യുമ്പോള്‍ ഇടയ്ക്ക് ഞാന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ ലൊക്കേഷനില്‍ നിന്ന് ദുൽഖര്‍ മെസേജ് അയക്കും, ഷൂസ് കംഫര്‍ട്ടബിളാണ് എന്നൊക്കെ. പുറത്ത് നിന്ന് നോക്കുമ്പോള്‍ ഇതൊന്നും വലിയ കാര്യമല്ലായിരിയ്ക്കാം. പക്ഷെ സിനിമയ്ക്കുള്ളില്‍ ഇത്തരം പരിഗണനയൊക്കെ വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇത്തരം അനുഭവങ്ങള്‍ നല്‍കുന്ന സന്തോഷം വലുതാണ്.
'ചാര്‍ളി' ചെയ്യുമ്പോള്‍ ദുൽഖര്‍ എപ്പോഴും പറയുമായിരുന്നു തനിയ്ക്ക് ഇതിന് അവാര്‍ഡ് കിട്ടുമെടോ എന്ന്. കുറെ നാളുകള്‍ കഴിഞ്ഞ് ഞാന്‍ പോലും മറന്നു കഴിഞ്ഞായിരുന്നു ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം. എനിയ്ക്ക് അവാര്‍ഡ് ഉണ്ടായിരുന്നില്ല. പക്ഷെ ചാര്‍ലിയിലെ അഭിനയത്തിന് ദുൽഖറിന് മികച്ച നടനുള്ള അവാര്‍ഡ് ഉണ്ടായിരുന്നു. അന്ന് അവാര്‍ഡ് പ്രഖ്യാപനം കഴിഞ്ഞ് അധികസമയം കഴിയുന്നതിന് മുൻപ് എനിയ്ക്ക് ഒരു മെസേജ് വന്നു. ’യു ആര്‍ ദ ബെസ്റ്റ് ഡിസൈനര്‍’ എന്ന്. സ്വന്തം സന്തോഷത്തിലും നമ്മളെ ഓര്‍മ്മിച്ച ആ കരുതലുണ്ടല്ലോ. എനിയ്ക്ക് അതാണ് ഏറ്റവും വലിയ അവാര്‍ഡ്!
- ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന കോസ്റ്റ്യൂം ഡിസൈനര്‍ സമീറ സനീഷിന്റെ 'അലങ്കാരങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ നിന്ന്. രശ്മി രാധാകൃഷ്ണനാണ് സമീറയ്ക്ക് വേണ്ടി ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.