Mammootty Yatra Trailer: മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘യാത്ര’യ്ക്ക് അഭിനന്ദനവുമായി നടനനും മകനുമായ ദുൽഖർ സൽമാൻ. ‘പേരൻപി’ന്റെ ട്രെയിലറിനു പിറകെ ‘യാത്ര’യുടെ ട്രെയിലറും റിലീസ് ആയതോടെ മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളുമൊക്കെ ഏറെ പ്രതീക്ഷയിലാണ്. അഭിനയമുഹൂർത്തങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടി മാജിക് ഈ സിനിമകളിലൂടെ വീണ്ടും കാണാമെന്നതു തന്നെയാണ് ഈ പ്രതീക്ഷകൾക്കു പിറകിൽ.
മമ്മൂട്ടിയുടെ വീട്ടിൽ തന്നെയുള്ള ഒരു ഫാൻ ബോയ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രം. നടനും മകനുമായ ദുൽഖർ സൽമാനാണ് ഉപ്പയുടെ പ്രിയപ്പെട്ട ആ ഫാൻബോയ്.
“ഇതുപോലെയുള്ള ട്രെയിലറുകളും സിനിമകളും, രോമാഞ്ചമുണ്ടാക്കുന്നു. ഒരേ ഒരു ആൾക്കു മാത്രം ചെയ്യാൻ കഴിയുന്ന ചിലതുണ്ട്. ” എന്നാണ് യാത്രയുടെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ദുൽഖർ സൽമാൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഫാൻ ബോയ് ഫസ്റ്റ് എന്ന ഹാഷ് ടാഗും ദുൽഖർ നൽകിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി യദുഗുരി സന്ദിന്തി രാജശേഖര റെഡ്ഢി അഥവാ വൈ.എസ്.ആര്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് ‘യാത്ര’. വൈഎസ്ആറായി എത്തുന്ന മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ട്രെയിലറിലും നിറഞ്ഞു നില്‍ക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തുന്നത്. 1992ല്‍ കെ.വിശ്വനാഥ് സംവിധാനം ചെയ്ത ‘സ്വാതി കിരണ’ത്തിന് ശേഷം 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്നത്.
മഹി വി.രാഘവനാണ് തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ജീവചരിത്രസിനിമയുടെ സംവിധായകന്‍. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ‘യാത്ര’ രാഷ്ട്രീയത്തിലും ചലനങ്ങള്‍ സൃഷ്ടിക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും നേരത്തെ തന്നെ ഹിറ്റായി കഴിഞ്ഞിരുന്നു. സാധാരണ ബയോപിക് ചിത്രങ്ങളെ പോലെ വൈഎസ്ആറിന്റെ ജീവിത കാണ്ഡങ്ങള്‍ ഓരോന്നായി പറഞ്ഞു പോകുന്ന സിനിമയല്ല ‘യാത്ര’. ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തെ ഏകീകരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും സംസാരിക്കുന്നത്.
വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയുമാണ് സിനിമയുടെ നിര്‍മാണം. ജഗപതി റാവു, റാവു രമേഷ്, സുഹാസിനി മണി രത്നം എന്നിവരും ‘യാത്ര’യില്‍ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.