മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന നല്‍കി. മമ്മൂട്ടി 15 ലക്ഷവും ദുല്‍ഖര്‍ 10 ലക്ഷവുമാണ് നല്‍കിയത്. എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ളയ്ക്ക് ചെക്ക് കൈമാറി.

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നാളെ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ താരസംഘടനയായ എഎംഎംഎ കഴിഞ്ഞ ദിവസം 10 ലക്ഷം രൂപയാണ് സംഭാവന നല്‍കിയിരുന്നത്.

പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് ആശ്വാസമായി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘവും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യഘട്ടമായി അഞ്ചു ലക്ഷം നല്‍കുമെന്നും നടികര്‍ സംഘം അറിയിച്ചു.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ വിജയ് ദേവരകൊണ്ട കഴിഞ്ഞ ദിവസം അഞ്ചു ലക്ഷം രൂപ സംഭാവന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കമല്‍ഹാസനും വിജയ് ടിവിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം കാര്‍ത്തിയും സൂര്യയും ചേര്‍ന്നും 25 ലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യന്‍ ആണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

Read More: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ നല്‍കും

കൂടാതെ കൊച്ചിയിലെ ദുരിത ബാധിതര്‍ക്കായി ജില്ലാ ഭരണകൂടം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അന്‍പോടു കൊച്ചി എന്ന സംഘടനയ്‌ക്കൊപ്പം സിനിമാ താരങ്ങളും ചേര്‍ന്നിട്ടുണ്ട്. പാര്‍വ്വതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പൂര്‍ണിമ ഇന്ദ്രജിത്ത് എന്നീ താരങ്ങളാണ് കടവന്ത്രയിലെ റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.

ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങളാണ് അന്‍പോട് കൊച്ചി കൂട്ടായ്മ ശേഖരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദുരിതത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ നാം സാക്ഷിയായത്. കൊച്ചിയില്‍ മാത്രം ദുരിത ബാധിതര്‍ക്കായി അറുപതില്‍ അധികം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, സ്പെഷ്യല്‍ ഓഫിസര്‍ എം.ജി.രാജമാണിക്യം എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്‍പോടു കൊച്ചി അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook