മമ്മൂട്ടി എന്ന നടന് അഭിനയത്തോടു മാത്രമല്ല ഫൊട്ടൊഗ്രഫി, ഡ്രൈവിങ്ങ് എന്നിവയോടും ഒരു പ്രത്യേക താത്പര്യമാണ്. മമ്മൂട്ടി തന്റെ ക്യാമറയിൽ പകർത്തി നൽകിയ ചിത്രങ്ങൾ പല താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ ഡ്രൈവിങ്ങ് കമ്പം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കാനെത്തിയതാണ് മമ്മൂട്ടി. ഓസ്ട്രേലിയൻ പാതകളിലൂടെ കാറോടിക്കുകയാണ് മലയാളത്തിന്റെ മെഗസ്റ്റാർ. താരത്തിന്റെ പി ആർ റോബേർട്ടാണ് വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും റോബേർട്ട് ഷെയർ ചെയ്തിട്ടുണ്ട്.
സിഡ്ണിയിൽ നിന്ന് കാൻബറിയിലേക്കും അവിടുന്ന് മെൽബണിലേക്കുമാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്. മൂളിപാട്ടു പാടി വളരെ സന്തോഷത്തിൽ കോളേജ് കാലത്തെ ഓർമകളൊക്കെ പറഞ്ഞാണ് താരം ഡ്രൈവിങ്ങ് ആസ്വദിച്ചതെന്നാണ് റോബേർട്ട് കുറിച്ചത്. മമ്മൂട്ടിയുടെ സുഹൃത്തായ രാജശേഖരൻ, ഭാര്യ സുൽഫത്ത് എന്നിവരും യാത്രയിൽ കൂടെയുണ്ടായിരുന്നു. 2300 കിലോമീറ്ററാണ് യുവത്വം തുളുമ്പുന്ന ഈ എഴുപത്തൊന്നുകാരൻ രണ്ടു ദിവസം കൊണ്ടു പിന്നിട്ടത്. മണിക്കൂറുകൾ കൊണ്ട് ആ നാട്ടിലെ ഗതാഗത നിയമങ്ങൾ കൃത്യമായി അറിയുന്ന ഒരു ഓസ്ട്രേലിയകാരനായി മമ്മൂട്ടി മാറിയെന്നും കുറിപ്പിൽ പറയുന്നു. മമ്മൂട്ടിയുടെ മറ്റെല്ലാ ചിത്രങ്ങളെയും വീഡിയോകളെയും പോലെ ഇതും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ജിയോ ബേബിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കാതൽ ദി കോർ’ ന്റെ ചിത്രീകരണം അവസാനിച്ചതിനു ശേഷം മമ്മൂട്ടി നടത്തിയ യാത്രയാണെന്നാണ് വ്യക്തമാകുന്നത്. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ‘കാതൽ’. പ്രേക്ഷകർക്ക് പുതിയ സിനിമാനുഭവം തിയേറ്ററിൽ സമ്മാനിച്ച ‘റോഷാക്കിന്’ ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് ‘കാതൽ.’ ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.