മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മകന്‍ ദുല്‍ഖര്‍ സല്‍മാന്റെയും വാഹനങ്ങളോടുള്ള കമ്പം ആരാധകര്‍ക്കെല്ലാം അറിയാവുന്നതാണ്. ഇരുവരും വാഹനങ്ങള്‍ വാങ്ങുന്നത് മിക്കപ്പോഴും മാധ്യമങ്ങളും ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തിനു വേണ്ടി ബിഎംഡബ്ല്യു ക്രൂസര്‍ ബൈക്കില്‍ വിലസുകയാണ് മമ്മൂട്ടി. ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്ന ബൈക്കിലായിരുന്നു മമ്മൂട്ടി കുട്ടനാട് കാണാന്‍ ഇറങ്ങിയത്.

അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലണ്ടന്‍ ഷെഡ്യൂളില്‍ വിനീത് ശ്രീനിവാസനും അതിഥി താരമായി എത്തുന്നുണ്ട്.

കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പിക ഗ്രാമത്തിലെ ബ്ലോഗെഴുത്തുകാരന്റെ വിവരണത്തിലൂടെയാണ് പുരോഗമിക്കുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്.

മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി.മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് പ്രദീപാണ്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബിജി പാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ