കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിഭാഷക പഠനം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തോളം പ്രാക്ടീസ് ചെയ്തിരുന്നെങ്കിലും വക്കീല്‍ വേഷം കൂടുതലും കൈകാര്യം ചെയ്തിട്ടുള്ളത് സിനിമയിലാണ്. സിനിമയില്‍ നിരവധി തവണ താരം വക്കീല്‍ വേഷത്തില്‍ തിളങ്ങിയിട്ടുണ്ട്.

എന്നാല്‍ തെലുങ്കില്‍ നിന്നും മലയാള സിനിമയിലേക്കെത്തി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു ഇന്ദ്രജയ്ക്ക് വേണ്ടി വാദിക്കാന്‍ മമ്മൂട്ടി കോടതിയിലെത്തിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി നടി തന്നെ രംഗത്തെത്തി. ന്യൂസ് മിനുറ്റ്സിന് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ദ്രജ ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്.

ഇന്ദ്രജയും മാനേജരും തമ്മിലുള്ള തര്‍ക്കം കോടതിയിലെത്തിയിരുന്നതായും ഇത് വാദിക്കാനാണ് മമ്മൂട്ടി എത്തിയതെന്നുമായിരുന്നു വാര്‍ത്ത. സാമ്പത്തിക ബാധ്യതയെച്ചൊല്ലിയുള്ള കേസ് രണ്ടു വര്‍ഷത്തോളം നീണ്ടു നിന്നിരുന്നു. ഇതിനിടയില്‍ അഭിഭാഷകരായി പലരും എത്തിയെങ്കിലും കേസ് തീര്‍പ്പായിരുന്നില്ല.

ഇന്ദ്രജയില്‍ നിന്നും കേസിനെക്കുറിച്ച് അറിഞ്ഞ മമ്മൂട്ടി കേസ് ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. പോരാതെ കോടതിയില്‍ ഇന്ദ്രജയ്ക്ക് വേണ്ടി വാദിച്ച് മമ്മൂട്ടി അനുകൂലമായ വിധി നേടിയെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ കൊടുത്തിരുന്നു. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നും താന്‍ ഒരിക്കലും കോടതിയില്‍ പോയിട്ടില്ലെന്നും മമ്മൂട്ടി തനിക്ക് വേണ്ടി ഹാജരായിട്ടില്ലെന്നും ഇന്ദ്രജ കൂട്ടിച്ചേര്‍ത്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ