/indian-express-malayalam/media/media_files/2025/11/03/mammootty-2025-11-03-17-28-35.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയാണ് സ്വന്തമാക്കിയത്. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്.
അവാർഡ് പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നതെന്നും അതൊക്കെ സംഭവിക്കുന്നതാണെന്നും പുരസ്കാര നേട്ടത്തിനു ശേഷം മമ്മൂട്ടി പ്രതികരിച്ചു. 'എല്ലാവർക്കും നന്ദി. എനിക്ക് ഒപ്പം പുരസ്കാരങ്ങൾ നേടിയ സഹ അഭിനേതാക്കാളായ ആസിഫിനും ടൊവിനോയ്ക്കും ഷംല ഹംസയ്ക്കും സിദ്ധാർഥ് ഭരതനും സൗബിനും മറ്റു എല്ലാവർക്കും അഭിനന്ദനങ്ങൾ. റോണക്സ് സേവ്യറിനും അമൽ നീരദ് ടീമിനും മഞ്ഞുമ്മൽ ടീമിനും അഭിനന്ദനങ്ങൾ,' മമ്മൂട്ടി പറഞ്ഞു.
Also Read: ആ അവാർഡ് പോറ്റി കൊണ്ടുപോയി; മികച്ച നടൻ മമ്മൂട്ടി
ഭ്രമയുഗത്തിലെ കഥാപാത്രവും കഥയുമെല്ലാം വ്യത്യസ്തമായിരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. 'അവാർഡ് പ്രതീക്ഷിച്ചല്ല വേഷങ്ങൾ ചെയ്യുന്നത്. അതൊക്കെ സംഭവിക്കുന്നതാണ്. അവാർഡ് കിട്ടാത്തവർക്ക് അടുത്ത പ്രാവശ്യം കിട്ടും,' മമ്മൂട്ടി കൂട്ടിച്ചേർത്തു.
എട്ടു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് മമ്മൂട്ടിക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇതിൽ ഏഴു തവണ മികച്ച നടനുള്ള പുരസ്കാരവും ഒരു തവണ പ്രത്യേക ജൂറി പുരസ്കാരവും ഉൾപ്പെടുന്നു. 1981-ൽ 'അഹിംസ' എന്ന ചിത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം നേടി. തുടർന്ന് 1984-ൽ 'അടിയൊഴുക്കുകൾ', 1989-ൽ 'ഒരു വടക്കൻ വീരഗാഥ, മതിലുകൾ, മൃഗയ' എന്നീ ചിത്രങ്ങൾക്കും 1993-ൽ 'വിധേയൻ, പൊന്തൻ മാട, വാത്സല്യം' എന്നിവയ്ക്കും മികച്ച നടനായി.
Also Read: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ; സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കൾ ഇവർ
2004-ൽ 'കാഴ്ച', 2009-ൽ 'പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ', 2022-ൽ 'നൻപകൽ നേരത്ത് മയക്കം' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. 1985-ൽ 'യാത്ര, നിറക്കൂട്ട്' എന്നീ സിനിമകളിലെ അഭിനയത്തിന് പ്രത്യേക ജൂറി അവാർഡും അദ്ദേഹം കരസ്ഥമാക്കി.
ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലൂടെ ഷംല ഹംസ ആണ് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയത്. മഞ്ഞുമ്മൽ ബോയ്സിലൂടെ സൗബിൻ ഷാഹിർ മികച്ച സ്വഭാവ നടനും, നടന്ന സംഭവം എന്ന ചിത്രത്തിലൂടെ ലിജോമോൾ മികച്ച സ്വഭാവ നടിക്കുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. 'മഞ്ഞുമ്മൽ ബോയ്സ്' മികച്ച ചിത്രമായും മികച്ച സംവിധായകനായി ചിദംബരവും തിരഞ്ഞെടുക്കപ്പെട്ടു. ആസിഫ് അലി (കിഷ്കിന്ധാകാണ്ഡം), ടൊവിനോ തോമസ് (എ ആർ എം), ദർശന രാജേന്ദ്രൻ (പാരഡൈസ്), ജ്യോതിർമയി (ബൊഗെയ്ൻവില്ല) എന്നിവർക്ക് പ്രത്യേക ജൂറി പരാമർശമുണ്ട്.
Read More: തുടക്കക്കാരിയായ ഷംല മുതൽ മഹാമേരുവായ മമ്മൂട്ടി വരെ, സംസ്ഥാന പുരസ്കാര ജേതാക്കൾ ഇവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us