മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ജാഡയാണെന്നാണ് പൊതുവേയുള്ള സംസാരം. എന്നാല്‍ താരത്തെ അടുത്തറിഞ്ഞവര്‍ക്ക് ഇത്തരത്തില്‍ ഒരഭിപ്രായമില്ല. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ മമ്മൂട്ടിയുടെ മുഖത്ത് കാണുന്ന ഗൗരവം ഒരു മുഖം മൂടിയാണെന്ന് സംവിധായകന്‍ സിദ്ദിഖ് അടക്കം മെഗാസ്റ്റാറിനെ അടുത്തറിയുന്നവര്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിയെ നേരില്‍ കണ്ട ഒരു ആരാധകനുമായി താരം സെല്‍ഫി എടുക്കുന്നതും സമയം ചെലവഴിക്കുന്നതുമായ വിഡിയോ ആണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. പുതിയ ചിത്രമായ അങ്കിളിന്റെ ലൊക്കേഷനായ വയനാട്ടില്‍ വച്ചാണ് മമ്മൂട്ടി സാധാരണക്കാരനായ ഒരു ആരാധകനുമൊത്ത് വിലയേറിയ സമയം ചെലവഴിച്ചത്. മമ്മൂട്ടിയുടെ ആളാണ് താനെന്ന് സ്വയം പരിചയപ്പെടുത്തിയ ആളോട് മമ്മൂട്ടി സംസാരിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.

വയനാട് പുൽപള്ളിയിലെ കാടിനിടയിലൂടെയുള്ള റോഡിൽ വച്ചാണ് ആരാധകനോട് മമ്മൂട്ടി സംസാരിച്ചത്. മമ്മൂട്ടി ഓടിച്ച ബെൻസിനു മുന്നിലേക്ക് ഓടിവന്നയാൾ മുൻസീറ്റിൽ ഇരുന്ന പെൺകുട്ടിയോട് “അവിടെ മമ്മൂട്ടിക്കാ ഉണ്ടോ ആ റോഡില്.. ആൾക്കാരരെല്ലാം പറഞ്ഞു ഉണ്ടെന്നു…ഉണ്ടോ? എന്ന് ചോദിക്കുകയായിരുന്നുവെന്ന് അണിയറ പ്രവർത്തകർ പറയുന്നു.

‘ആ ഉണ്ട്… എന്തിനാ…’ എന്ന് ചോദിച്ച പെൺകുട്ടിയോട് ‘ഞാൻ മൂപരിന്റെ ആളാ’ എന്ന് അയാൾ ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു. അതുവരെ മിണ്ടാതിരുന്ന് എല്ലാം ശ്രദ്ധിച്ച മമ്മൂട്ടി അയാളോട് ഇപ്പുറത്തോട്ടേക്ക് വന്നേ എന്നു പറയുകയായിരുന്നു. മമ്മൂട്ടിയെ കണ്ടതും രണ്ടു മിനിറ്റ് കറണ്ട് അടിച്ച ആളിനെ പോലെ അയാൾ നിന്നുവെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഈ വിഡിയോ കാണുമ്പോള്‍ മമ്മൂട്ടിയുടെ യഥാര്‍ത്ഥ മുഖം എന്താണെന്ന് വ്യക്തമാണെന്നാണ് ഇപ്പോള്‍ ആരാധകര്‍ പറയുന്നത്.

സംവിധായകൻ രഞ്ജിത്തിന്റെ അസിസ്റ്റന്റായിരുന്ന ഗിരീഷ് ദാമോദർ ആണ് അങ്കിൾ സിനിമയുടെ സംവിധായകൻ. ജോയ് മാത്യുവിന്റേതാണ് തിരക്കഥ. ക്യാമറ അഴകപ്പൻ. കാർത്തിക മുരളിയാണ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവും ആശ ശരത്തും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

വളരെക്കാലത്തിനുശേഷമാണ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി മമ്മൂട്ടി വയനാട്ടിലെത്തുന്നത്. വയനാട്ടിലെ ഓരോ ലൊക്കേഷനിലും മമ്മൂട്ടിയെ കാണാനായി ആരാധകർ തടിച്ചുകൂടുന്നുണ്ട്. ഒക്ടോബർ ആദ്യമാണ് വയനാട്ടിൽ അങ്കിൾ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. കോഴിക്കോട്, ഊട്ടി എന്നിവിടങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയശേഷമാണ് ടീം വയനാട്ടിലെത്തിയത്.

#mammookka #mammootty #unclemovie #location #vayanadu

A post shared by Filmmatter (@filmmatter) on

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ