Latest News

എന്റെ വീട്ടിലെ പുട്ടും കണമ്പ് കറിയും ഇഷ്ടത്തോടെ കഴിച്ച സുഹൃത്ത്‌: ആന്റണി ബോര്‍ദൈനിനെക്കുറിച്ച് മമ്മൂട്ടി

‘നിങ്ങളില്ലാത്ത ലോകത്തെ ‘Better Place’ എന്ന് വിളിക്കാനാവില്ലല്ലോ ബോര്‍ദൈന്‍…” ഇന്നലെ അന്തരിച്ച വിഖ്യാത ഷെഫ് ആന്റണി ബോര്‍ദൈന്റെ വിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടി

Mammootty Anthony Bourdain

“ഭക്ഷണത്തില്‍ താത്പര്യമുള്ള ആളല്ല എന്ന് തോന്നുന്നല്ലോ?” സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയോട് പ്രശസ്ത പാചക വിദഗ്ദന്‍ ആന്റണി ബോര്‍ദൈന്‍ ചോദിച്ച ചോദ്യമാണിത്. ‘നോ റിസര്‍വേഷന്‍സ്’ എന്ന തന്റെ ടെലിവിഷന്‍ സീരീസുമായി ബന്ധപ്പെട്ടു കേരളത്തില്‍ എത്തിയ ആന്റണി ബോര്‍ദൈന്‍ ‘പോക്കിരിരാജ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് മമ്മൂട്ടിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിലാണ് രസകരമായ ഈ ചോദ്യോത്തരം നടന്നത്. ലോകത്തെ ആകമാനം ഞെട്ടിച്ചു കൊണ്ടാണ് ആന്റണി ബോര്‍ദൈന്റെ മരണ വാര്‍ത്ത ഇന്നലെ എത്തിയത്. അദ്ദേഹം സ്വയം ജീവനോടുക്കുകയായിരുന്നു എന്നാണ് നിഗമനം.

വാര്‍ത്ത പുറത്ത് വന്നതിന് തൊട്ടു പിന്നാലെ സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ മമ്മൂട്ടി പങ്കെടുത്ത ആന്റണി ബോര്‍ദൈനിന്റെ ഷോയുടെ വീഡിയോ ക്ലിപ്പിംഗ് സജീവമായി ഷെയര്‍ ചെയ്തു തുടങ്ങി. ‘പോക്കിരിരാജ’യുടെ ആക്ഷന്‍ ചിത്രീകരണത്തിനിടയില്‍ എത്തുന്ന ആന്റണി ബോര്‍ദൈന്‍ ഇന്ത്യന്‍ സിനിമയെക്കുറിച്ചും മലയാള സിനിമയെക്കുറിച്ചും വിവരിച്ചു കൊണ്ടാണ് എപിസോഡ് ആരംഭിക്കുന്നത്. മമ്മൂട്ടിയോടുള്ള അദ്ദേഹത്തിന്റെ ആദരവും ആരാധനയും വീഡിയോയില്‍ ഉടനീള കാണാം. കേരളത്തിലെ സ്ട്രീറ്റ് ഫുഡ്‌ വിശ്വസിച്ചു ധൈര്യമായി കഴിക്കാം എന്ന് ഉറപ്പു കൊടുക്കുത്തു കൊണ്ടാണ് മമ്മൂട്ടി ആന്റണി ബോര്‍ദൈനുമായുള്ള സംഭാഷണം ആരംഭിക്കുന്നത്. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നമ്മള്‍ പാചകം ചെയ്തു കഴിഞ്ഞ ഭക്ഷണം മാത്രമേ കാണുന്നുള്ളൂ എന്നും ഇവിടെ നമ്മുടെ കണ്മുന്നില്‍ തന്നെ ഭക്ഷണം പാചകം ചെയ്യപ്പെടുകയാണ് എന്നും മമ്മൂട്ടി പറയുന്നുണ്ട്.

പിന്നീട് തന്റെ ഉച്ചഭക്ഷണം ആന്റണി ബോര്‍ദൈനുമായി പങ്കു വച്ചു. മാങ്ങയിട്ടു വച്ച കണമ്പ് കറിയും പുട്ടും ചോറും സ്വന്തം കൈകൊണ്ടു തന്നെ വിളമ്പിക്കൊടുത്തു. ഭക്ഷം ആസ്വദിച്ചു കഴിച്ച ആന്റണി ബോര്‍ദൈന്‍ മമ്മൂട്ടി തിരക്കിനിടയിലും തനിക്കായി സമയം ഒതുക്കി വച്ചതിനു നന്ദി പറഞ്ഞു. ഒടുവില്‍ അദ്ദേഹം മമ്മൂട്ടിയെ വിശേഷിപ്പിച്ചത്‌ ഇങ്ങനെയായിരുന്നു, “An island of calm at the center of a perpetual storm” (നിരന്തരമായ ഇടിമുഴക്കങ്ങള്‍ക്ക് നടുവിലെ ശാന്തതയുടെ ദ്വീപ്‌) എന്നാണ്.

 

“ആന്റണി ബോര്‍ദൈനെ ആദ്യം കാണുന്നത് ‘പോക്കിരിരാജ’യുടെ ഷൂട്ടിംഗ് സമയത്താണ്. എന്റെ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ടി വി പ്രോഗ്രാമുകള്‍ പരിചയമായിരുന്നത്ര പരിചയമില്ലായിരുന്നു അവയെക്കുറിച്ചെനിക്ക്. അദ്ദേഹത്തെ കണ്ടതും ഒപ്പം നടത്തിയ ഷൂട്ടിംഗും എന്റെ വീട്ടിലെ പുട്ടും സ്നേഹത്തോടെ ആന്റണി കഴിച്ചതുമെല്ലാം ഓര്‍മ്മയില്‍ വരുന്നു. അന്ന് മുതല്‍ ഞാന്‍ ആന്റണി ബോര്‍ദൈനിന്റെ ടി വി പ്രോഗ്രാമുകളായ ‘നോ റിസര്‍വേഷന്‍സ്’, ‘പാര്‍ട്സ് അണ്‍നോണ്‍’ എന്നിവ മുടങ്ങാതെ കാണുമായിരുന്നു. വിവിധ ഭക്ഷണ രീതികളേയും സംസ്ക്കാരങ്ങളെയും ഷോ കേസ് ചെയ്ത് കൊണ്ട് വിവിധ ലോകങ്ങളെ അടുപ്പിക്കുകയായിരുന്നു ആന്റണി ബോര്‍ദൈന്‍.

പിന്നീട് അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹത്തിന്റെ മുഴുവന്‍ ടീം അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു, വളരെ സ്നേഹത്തോടെ അവിടെയെല്ലാം ചുറ്റി നടന്നു കാണിച്ചു. ആന്റണി ബോര്‍ദൈന്‍ എനിക്കൊപ്പം നടത്തിയ ഷൂട്ടിംഗ് ചിത്രങ്ങളുള്ള മലയാള പത്രക്കുറിപ്പുകള്‍ പതിച്ച ആ ഓഫീസിന്റെ ചുമരുകള്‍ കണ്ടു എനിക്ക് അഭിമാനം തോന്നി.

ഒരിക്കല്‍ മാത്രം കണ്ട എനിക്ക് പോലും അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കി. അത്രയ്ക്കായിരുന്നു ആന്റണി ബോര്‍ദൈന്‍ ഷോകള്‍ ലോകത്ത് ഉണ്ടാക്കിയ പ്രഭാവം. നിങ്ങളില്ലാത്ത ലോകത്തെ ‘Better Place’ എന്ന് വിളിക്കാനാവില്ലല്ലോ ബോര്‍ദൈന്‍…”

ആന്റണി ബോര്‍ദൈനിന്റെ മരണ വാര്‍ത്ത അറിഞ്ഞയുടനെ തന്നെ ദുല്‍ഖര്‍ സല്‍മാനും സോഷ്യല്‍ മീഡിയയിലൂടെ തന്റെ അനുശോചനം അറിയിച്ചിരുന്നു. വാപ്പിച്ചി മമ്മൂട്ടിയോടൊപ്പം ന്യൂയോര്‍ക്ക്‌ നഗരത്തിലെ ആന്റണി ബോര്‍ദൈനിന്റെ ഓഫീസില്‍ ചെന്നിട്ടുണ്ട് എന്നും അദ്ദേഹത്തിന്റെ ടീമിന്റെ ഊഷമളമത ധാരാളമായി കണ്ടിട്ടുണ്ട് എന്നും ദുല്‍ഖര്‍ കുറിച്ചു.

ആന്റണി ബോര്‍ദൈനിന്റെത് ആത്മഹത്യയാണ് എന്നാണ് കരുതപ്പെടുന്നത്. സി എന്‍ എന്നിലെ തന്റെ പുതിയ ഷോ ആയ ‘പാര്‍ട്സ് അണ്‍നോണി’ന്റെ ഷൂട്ടിംഗുമായി ബന്ധപെട്ട് ഫ്രാന്‍സിലെത്തിയ അദ്ദേഹത്തെ സ്ട്രാസ്ബോഗ് നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. 61 വയസ്സായിരുന്നു.

മൂന്ന് ദിവസങ്ങള്‍ക്കു മുന്‍പ് ജൂണ്‍ 5നാണ് അമേരിക്ക്‌ന്‍ ഫാഷന്‍ ഡിസൈനര്‍ ആയ കേറ്റ് സ്പേഡ്‌ ആത്മഹത്യ ചെയ്തത്. അതിന്റെ ആഘാതത്തില്‍ നിന്നും പുറത്തു വരുന്നതിന് മുന്‍പ് ഉണ്ടായ ഈ മരണം തനിക്കു വലിയ ദുഃഖമുണ്ടാക്കുന്നു എന്നാണ് ദുല്‍ഖര്‍ എഴുതിയത്. 55 വയസ്സുകാരിയായ കേറ്റ് സ്പേഡിനെ അവരുടെ മാന്‍ഹാട്ടന്‍ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും തൂങ്ങി മരിച്ചതാണ് എന്നാണ് നിഗമനം. ഇരുവര്‍ക്കും കടുത്ത വിഷാദ രോഗമുണ്ടായിരുന്നുവെന്നും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty condoles travel host and chef anthony bourdains death remembers no reservations shooting during pokkiriraja

Next Story
‘മാമാങ്ക’ത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയായി; മമ്മൂട്ടി ഇനി ആന്ധ്രയിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com