തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് നടന് മമ്മൂട്ടി. ഇന്ന് വൈകിട്ട് ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു 94 വയസ്സുള്ള കലൈഞ്ജരുടെ അന്ത്യം.
“നികത്താനാവാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്, വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും സ്നേഹിച്ച മനസ്സിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഃഖിക്കുന്നു”, എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്.
കരുണാനിധി-എംജിആര്‍ എന്നിവരുടെ രാഷ്ട്രീയ ജീവിതങ്ങളെയും സൗഹൃദത്തേയും കുറിച്ച് മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഇരുവര്‍’. എംജിആര്‍ ആയി വേഷമിട്ടത് മോഹന്‍ലാല്‍ ആയിരുന്നു, കരുനാനിധിയായി അഭിനയിച്ചത് പ്രകാശ് രാജും. ആ ചിത്രത്തെക്കുറിച്ചാണ് മമ്മൂട്ടി തന്റെ അനുശോചനക്കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.
“അഭിവന്ദ്യനായ രാഷ്ട്രീയക്കാരന്, അസാമാന്യ പ്രതിഭയുള്ള സിനിമാക്കാരന്, സാമൂഹ്യ നീതിയ്ക്കു വേണ്ടി കൊടിയേന്തിയ പോരാളി, സര്‍വ്വോപരി മഹാനായ ഒരു വ്യക്തി, നമ്മെ വിട്ടു പോയിരിക്കുന്നു. തമിഴക രാഷ്ട്രീയത്തെ പുനര്‍നിർവ്വചിച്ച, ഒരു തലമുറയ്ക്ക് സ്വാധീന ശക്തിയായി വര്‍ത്തിച്ച വ്യക്തിയെ നമുക്ക് നഷ്ടമായിരിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും അണികള്‍ക്കും അനുശോചനങ്ങളും ശക്തിയും”, എന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പറഞ്ഞു.
കലൈഞ്ജര്‍ എം.കരുണാനിധിയുടെ മരണവാര്‍ത്ത സങ്കടപ്പെടുത്തുന്നു. ശക്തനായ നേതാവ്, എഴുത്തുകാരന്, എളിമയുള്ള മനുഷ്യന്. താങ്കളെ ഞങ്ങള്‍ മിസ്സ് ചെയ്യും സര് എന്നാണ് നിവിന്‍ പോളി കുറിച്ചത്.