സിനിമ മാത്രമല്ല, സിനിമയുടെ പ്രമോഷൻ രീതികളിലും ഏറെ മാറ്റം വന്നൊരു കാലത്തിലൂടെയാണ് മലയാള സിനിമ ഇപ്പോൾ സഞ്ചരിക്കുന്നത്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രത്യേക അഭിമുഖങ്ങൾ ഇന്ന് സർവ്വസാധാരണമായൊരു കാഴ്ചയാണ്. സിനിമയിൽ അഭിനയിച്ച പ്രധാന അഭിനേതാക്കളെല്ലാം തന്നെ അഭിമുഖത്തിനായി എത്തിച്ചേരാറുണ്ട്. എന്നാൽ താരങ്ങൾക്കൊപ്പം ചിത്രത്തിലെ പ്രധാന ലൊക്കേഷൻ കൂടി അഭിമുഖത്തിന്റെ ഭാഗമായി മാറിയാലോ? അത്തരമൊരു കൗതുകക്കാഴ്ച ഒരുക്കിയിരിക്കുകയാണ് മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ അണിയറപ്രവർത്തകർ.
അഭിമുഖം ചെയ്യാനെത്തുന്നവരെ കാത്ത് ‘പഴനിയിലെ ആ വീടു’മിരിപ്പുണ്ട്. കൊച്ചി ഹോളിഡേ ഇൻ ഹോട്ടലിലാണ് ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ ലൊക്കേഷൻ പുനരാവിഷ്കരിച്ചിരിക്കുന്നത്. പഴനിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. പഴനിയുടെ തെരുവിലുള്ള വീടിനെ അതുപോലെതന്നെ കൊച്ചിയിലെ ഹോട്ടലില്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ് കലാസംവിധായകന്‍ ഷാജി നടുവില്‍. വീടിനു മുന്നിലായി തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലൂണ സ്കൂട്ടറും കാണാം.

മമ്മൂട്ടി കമ്പനിയ്ക്കു വേണ്ടി നടി മിയ മമ്മൂട്ടിയുമായി നടത്തിയ അഭിമുഖത്തിലും താരമായി തിളങ്ങി നിൽക്കുന്നുണ്ട് ഈ ലോക്കേഷൻ. “സാധാരണ പോസ്റ്ററിന്റെ മുന്നിലിരുന്നല്ലേ എല്ലാവരും സിനിമയെക്കുറിച്ച് സംസാരിക്കുന്നത്. ഒരുമാറ്റമാകട്ടെ എന്നുകരുതി. ഈ വീടുകാണുമ്പോള്‍ സിനിമ കാണാനിരിക്കുന്നവര്‍ കഥയിലേക്ക് ഇറങ്ങിവരും. ഈ വീട് മനസ്സില്‍ പതിയും,” ഈ വേറിട്ട ആശയത്തിലേക്ക് എത്തിയ കഥ മമ്മൂട്ടി പറഞ്ഞതിങ്ങനെ. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമാതാക്കൾ.
ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒരുമിച്ച ‘നൻപകൽ നേരത്ത് മയക്കം’. ചിത്രത്തിൽ ജെയിംസ് എന്ന നാടക കലാകാരനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ജെയിംസ് അടങ്ങുന്ന പ്രൊഫഷണല്‍ നാടകസംഘം പുതിയ സീസണ് ആരംഭിക്കുന്നതിന് മുമ്പ് വേളാങ്കണ്ണി യാത്ര നടത്തി മടങ്ങുന്നതിനിടയിൽ സംഭവിക്കുന്ന ചിലകാര്യങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
എസ് ഹരീഷാണ് സിനിമയുടെ തിരക്കഥ. തേനി ഈശ്വർ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.