മലയാളികൾ ഇന്നും സ്നേഹത്തോടെ ഓർക്കുന്ന പ്രതിഭയാണ് കൊച്ചിൻ ഹനീഫ. തിരക്കഥാകൃത്തായും സംവിധായകനായും നടനായുമൊക്കെ മലയാളസിനിമാലോകത്ത് നിറഞ്ഞു നിന്ന കൊച്ചിൻ ഹനീഫയുടെ പതിനൊന്നാം ചരമവാർഷികമാണ് ഇന്ന്. വേർപാടിന്റെ പതിനൊന്നാം വർഷത്തിൽ തന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനെ ഓർക്കുകയാണ് മമ്മൂട്ടി. പ്രിയ ചങ്ങാതിക്ക് ഓർമ്മപ്പൂക്കൾ അർപ്പിക്കുകയാണ് താരം.
ഓർമ്മപ്പൂക്കൾ
Posted by Mammootty on Monday, February 1, 2021
മമ്മൂട്ടിക്കൊപ്പം നിരവധി ചിത്രങ്ങളിൽ കൊച്ചിൻ ഹനീഫ വേഷമിട്ടിരുന്നു. ഹനീഫ സംവിധാനം ചെയ്ത ഏഴു ചിത്രങ്ങളിൽ അഞ്ചിലും മമ്മൂട്ടിയായിരുന്നു നായകൻ. അതിൽ വാത്സല്യം എന്ന ചിത്രം ഏറെ ജനപ്രീതി നേടിയ ഒന്നായിരുന്നു. ആൺകിളിയുടെ താരാട്ട്, ഒരു സിന്ദൂര പൊട്ടിന്റെ ഓർമയ്ക്ക്, മൂന്നുമാസങ്ങൾക്ക് മുൻപ്, ഒരു സന്ദേശം കൂടി എന്നിവയാണ് മമ്മൂട്ടിയെ നായകനാക്കി കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.
മലയാളത്തിനു പുറമെ, ആറോളം ചിത്രങ്ങൾ തമിഴിലും ഹനീഫ സംവിധാനം ചെയ്തിരുന്നു. അടിമചങ്ങല, ആരംഭം, താളം തെറ്റിയ താരാട്ട്, സന്ദർഭം, ഇണക്കിളി, കടത്തനാടൻ അമ്പാടി എന്നിങ്ങനെ പതിനാറോളം ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ കൊച്ചിൻ ഹനീഫ അവതരിപ്പിച്ചുണ്ടെങ്കിലും ഓർമയിലേക്ക് ആദ്യം ഓടിയെത്തുക കൊച്ചിൻ ഹനീഫയുടെ ഹാസ്യകഥാപാത്രങ്ങൾ ആവും. പഞ്ചാബി ഹൗസിലെ ഗംഗാധരൻ മുതലാളിയേയും മന്നാർ മത്തായിയിലെ എൽദോയേയും കിരീടത്തിലെ ഹൈദ്രോസിനെയും പുലിവാൽ കല്യാണത്തിലെ ധർമ്മേന്ദ്രയേയും സ്വപ്നക്കൂടിലെ ഫിലിപ്പോസിനെയും സിഐഡി മൂസയിലെ വിക്രമനെയും തിളക്കത്തിലെ ഭാസ്കരനെയുമൊക്കെ മലയാളി എങ്ങനെ മറക്കാനാണ്.
Read more: മമ്മൂട്ടിയ്ക്ക് ഒപ്പം ബാലതാരമായി അഭിനയിച്ച ഈ കുട്ടി ഇപ്പോൾ തെന്നിന്ത്യയിലെ സൂപ്പർ നായിക