ലോക്ക്ഡൗൺ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് താരങ്ങളെല്ലാം തന്നെ. മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ കാര്യവും വ്യത്യസ്തമല്ല. ഭാര്യയ്ക്കും ദുൽഖറിനും മരുമകൾ അമാലിനും പേരക്കുട്ടി അമീറ സൽമാനുമൊപ്പം കൊച്ചിയിലെ പുതിയ വീട്ടിൽ ലോക്ക്ഡൗൺ കാലം ചെലവഴിക്കുകയാണ് മമ്മൂട്ടി. സിനിമയിൽ സജീവമായതിൽ പിന്നെ അപ്രതീക്ഷിതമായി ലഭിച്ച ഈ നീണ്ട ഇടവേള കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷപൂർവം പങ്കിട്ടും ഇഷ്ടപ്പെട്ട സിനിമകൾ കണ്ടുമൊക്കെ ചെലവഴിക്കുകയാണ് താരം.
ഇപ്പോഴിതാ, കുഞ്ഞു മറിയത്തിന്റെയും ബാൽക്കണിയിൽ നിന്ന് ഫോട്ടോയെടുക്കുന്ന മമ്മൂട്ടിയുടെയും ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഫാൻ ഗ്രൂപ്പുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉപ്പൂപ്പാന്റെ ക്ലിക്കിൽ പതിഞ്ഞ മാലാഖ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിക്കുന്നത്. എന്നാൽ കുഞ്ഞുമറിയത്തിന്റെ ചിത്രമെടുത്തിരിക്കുന്നത് മമ്മൂട്ടി തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
Read more: മമ്മൂക്ക പച്ച ഷർട്ടിട്ടാൽ ഞാനും പച്ച ഷർട്ടിടും, മമ്മൂക്ക കാർ വാങ്ങിയാൽ ഞാനും കാർ വാങ്ങും
ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും തനിക്ക് താൽപര്യമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ ആളാണ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. ഫൊട്ടോഗ്രഫിയോടുള്ള മമ്മൂട്ടിയുടെ കമ്പം ആരാധകർക്ക് നന്നായി അറിയാവുന്നതുമാണ്. മോഹൻലാലും യേശുദാസും മുതൽ പല പ്രമുഖരും താരത്തിന്റെ ക്യാമറയ്ക്കുള്ളിൽ നിശ്ചലമായിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് വീടിന് മുന്നിലെത്തിയ പക്ഷികളെ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും മമ്മൂട്ടിയെടുത്ത ചിത്രങ്ങളും മുൻപും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലാണ് മമ്മൂട്ടിയുടെ പുതിയ വീട്. വീടിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വാഹനശേഖരത്തിലെ വണ്ടികളിൽ പലതും വീടിന്റെ കോമ്പൗണ്ടിനകത്ത് പാർക്ക് ചെയ്തിട്ടുണ്ട്. വീടിനു മുകളിലൊരുക്കിയ സോളാർ സിസ്റ്റവും പാനലുകളും ശ്രദ്ധ നേടും.
മുൻപ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസം. പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞതിനെ തുടർന്ന് മമ്മൂട്ടിയും കുടുംബവും വൈറ്റില ജനതയിലെ വീട്ടിലേക്ക് താമസം മാറിയിട്ട് കുറച്ചുദിവസങ്ങൾ ആയെങ്കിലും വീടിന്റെ ചിത്രങ്ങൾ പുറത്തുവരുന്നത് ഇതാദ്യമാണ്. സിബിഐ’ സിനിമയുടെ അണിയറ ടീമായ സ്വർഗചിത്ര അപ്പച്ചൻ, എസ് എൻ സ്വാമി, കെ മധു എന്നിവരും സംവിധായകൻ ജോഷിയും പനമ്പള്ളി നഗറിൽ മമ്മൂട്ടിയുടെ അയൽക്കാരനും സുഹൃത്തും നടനുമായ കുഞ്ചനും കുടുംബവും അടക്കം നിരവധിപേർ ഗൃഹപ്രവേശനത്തിൽ പങ്കെടുത്തിരുന്നു.
Read more: മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ