ഫോട്ടോഗ്രാഫിയോട് ഏറെ താൽപ്പര്യമുള്ള ഒരാളാണ് മമ്മൂട്ടി. ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഇടവേളകളിലും മറ്റും സഹതാരങ്ങളുടെ ചിത്രങ്ങൾ പകർത്താനും മമ്മൂട്ടി മടിക്കാറില്ല. മമ്മൂട്ടി പകർത്തിയ തങ്ങളുടെ ചിത്രങ്ങൾ അഭിമാനത്തോടെയും സന്തോഷത്തോടെയും തന്നെ താരങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്.
ഭീഷ്മപർവ്വത്തിന്റെ പ്രമോഷനിടെ മമ്മൂട്ടി തന്റെ ചിത്രം പകർത്തിയതിനെ കുറിച്ചൊരു കുറിപ്പ് ഷെയർ ചെയ്തിരിക്കുകയാണ് ലെന ഇപ്പോൾ. ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രാന്തിയോടെ നിന്നിട്ടില്ലെന്നും ഈ ചിത്രത്തെ താൻ നിധിയായി കരുതുന്നുവെന്നും ലെന കുറിക്കുന്നു. എടുത്തപടം കാണാനായി കാത്തിരിക്കുന്നുവെന്നും ലെന പറയുന്നു.
മമ്മൂട്ടിയ്ക്ക് ഒപ്പം ലെനയും അഭിനയിച്ച ‘ഭീഷ്മപർവ്വം’ മൂന്നാം വാരത്തിലും വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയായാണ് ലെന അഭിനയിച്ചത്. ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുന്ന ഭീഷ്മപർവ്വം അധികം വൈകാതെ നൂറുകോടി ക്ലബ്ബിൽ കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇതിനകം തന്നെ 75 കോടിയിലേറെ ചിത്രം കളക്ഷൻ നേടികഴിഞ്ഞു.