മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നാണ് സേതുരാമയ്യർ സിബിഐ. കുറ്റാന്വേഷണസിനിമകളുടെ പുത്തൻ സാധ്യതകൾ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കി നാല് തവണയാണ് മമ്മൂട്ടി സേതുരാമയ്യറായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ഇപ്പോഴിതാ, സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനടിയിൽ ലൊക്കേഷനിലെ ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ ആരാധകരുമായി പങ്കുവെക്കുകയാണ് മമ്മൂട്ടി.
സെറ്റിലെ കേക്ക് മുറിക്കലും, ബിരിയാണി ഉണ്ടാക്കലുമൊക്കെയാണ് വീഡിയോയിൽ. മമ്മൂട്ടിയ്ക്ക് പുറമെ മുകേഷ്, രമേശ് പിഷാരടി, എസ്.എൻ സ്വാമി, കെ മധു, അൻസിബ ഹസൻ, ഇടവേള ബാബു തുടങ്ങിയവരെയും വീഡിയോയിൽ കാണാം.
കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുൻ സിബിഐ സിരീസ് സിനിമകളുടെ രചന നിർവ്വഹിച്ച എസ് എൻ സ്വാമി തന്നെയാണ്. മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ എന്നിവരും ചിത്രത്തിലുണ്ടാവുമെന്ന് മുൻപു തന്നെ വാർത്തകൾ വന്നിരുന്നു.
Also Read: ക്രിസ്മസ് ആശംസകളുമായി താരങ്ങൾ; ചിത്രങ്ങൾ
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. മുൻപ് പല ചിത്രങ്ങൾക്കും രണ്ടും മൂന്നും ഭാഗങ്ങൾ വരെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയിൽ ചിലപ്പോൾ ആദ്യമായാവും ഒരു കഥാപാത്രത്തിന് അഞ്ചു സിനിമകളിൽ തുടർച്ചയുണ്ടാവുന്നത്.