മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെടുക്കുമ്പോൾ ആർക്കും വിസ്മരിച്ചു കളയാനാവാത്ത ഒരു കഥാപാത്രമാണ് സേതുരാമയ്യർ സിബിഐ. കുറ്റാന്വേഷണസിനിമകളുടെ പുത്തൻ സാധ്യതകൾ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കിയ സിബിഐ കഥകൾ വീണ്ടും ആവർത്തിക്കാൻ ഒരുങ്ങുന്നു എന്നതാണ് 2019 ലെ സന്തോഷകരമായ വാർത്തകളിൽ ഒന്ന്.
മമ്മൂട്ടി വീണ്ടും സേതുരാമയ്യർ സിബിഐ ആയി എത്തുന്നുവെന്നു സിബിഐ സീരിസിലെ അഞ്ചാമത്തെ സിനിമയുടെ അണിയറജോലികൾ പുരോഗമിക്കുന്നുവെന്നും സ്ഥിതീകരിക്കുകയാണ് സംവിധായകൻ കെ. മധു. മുൻ സിബിഐ സിരീസ് സിനിമകളുടെ രചന നിർവ്വഹിച്ച എസ് എൻ സ്വാമി തന്നെയാണ് പുതിയ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കുന്നത്. സംവിധായകൻ മധുവിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണകൃപയാണ് ചിത്രം നിർമ്മിക്കുന്നത്.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. മുൻപ് പല ചിത്രങ്ങൾക്കും രണ്ടും മൂന്നും ഭാഗങ്ങൾ വരെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയിൽ ചിലപ്പോൾ ആദ്യമായാവും ഒരു കഥാപാത്രത്തിന് അഞ്ചു സിനിമകളിൽ തുടർച്ചയുണ്ടാവുന്നത്.