scorecardresearch
Latest News

ബ്രഹ്മപുരം ജനങ്ങൾക്ക് മമ്മൂട്ടിയുടെ കൈ സഹായം; സൗജന്യ ക്യാമ്പ് ആരംഭിച്ചു

പുക കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലേക്ക് ഓക്സിജൻ കോൺസട്രേറ്ററുകളും മരുന്നുകളുമായി മെഡിക്കൽ സംഘം പര്യടനം നടത്തും.

Mammootty, Actor, Brahmapuram

കൊച്ചി ബ്രഹ്മപുരം സ്വദേശികൾ ദുരന്തത്തിൽ വലയുമ്പോൾ സഹായ ഹസ്തവുമായി നടൻ മമ്മൂട്ടി. തീ പൂർണമായും അണച്ചതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൈദ്യസഹായം എത്തിക്കുകയാണ് താരം. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനാണ് ഈ സേവനം സംഘടിപ്പിക്കുന്നത്. ആലുവ രാജഗിരി ആശുപത്രിയിലെ മെഡിക്കൽ സംഘം ചൊവ്വാഴ്ച മുതൽ സൗജന്യ പരിശേധന ക്യാമ്പ് ആരംഭിച്ചു. പുക കൂടുതൽ വ്യാപിച്ച പ്രദേശങ്ങളിലേക്ക് ഓക്സിജൻ കോൺസട്രേറ്ററുകളും മരുന്നുകളുമായി മെഡിക്കൽ സംഘം പര്യടനം നടത്തും.

പുത്തൻകുരിശ് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചെവ്വാഴ്ച പരിശോധന നടന്നത്. ബുധനാഴ്ച കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും വ്യാഴാഴ്ച തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ഇരുമ്പനം പ്രദേശത്തും പരിശോധന നടക്കും. ഡോ ബിജു രാഘവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പര്യടനം നടത്തുന്നത്. എല്ലാം സജ്ജീകരണങ്ങളുമുള്ള വാഹനത്തിൽ ഡോക്ടറും നഴ്സുമാരും വീടനരികിലെത്തും. ഓക്സിജനും മരുന്നുകളും വീടിനു മുൻപിലെത്തി സൗജന്യമായി നൽകും.

വിഷവാതകം ശ്വസിച്ച ആസ്മ രോഗികൾക്ക് ഓക്സിജൻ കോൺസട്രേറ്ററുകൾ വലിയ ആശ്വാസമാകുമെന്ന് രാജഗിരിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ ജോൺസൻ വാഴപ്പിള്ളി പറയുന്നു. ഓക്സിജൻ കോൺസട്രേറ്ററുകൾ വിഷവാതകത്തെ പുറം തള്ളി ഓക്സിജൻ നൽകാൻ സഹായിക്കും. പുകയിൽ നിന്ന് രക്ഷ നൽകുക ഉന്നത നിലവാരമുള്ള മാസ്ക്കുകൾ വിതരണം ചെയ്യുക എന്നിവയാണ് സംഘടനയുടെ മറ്റ് ലക്ഷ്യങ്ങൾ.

ബ്രഹ്മപുരത്തം തീപിടിത്തത്തിൽ നിന്നുണ്ടായ പുക തന്നെ എങ്ങനെ ബാധിച്ചെന്ന് മമ്മൂട്ടിയും പങ്കുവച്ചിരുന്നു.”ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. വീട്ടിലെത്തിയപ്പോൾ മുതൽ നല്ല ചുമ. ക്രമേണ അത് ശ്വാസം മുട്ടലായി. പിന്നീട് ഷൂട്ടിനായി വയനാട്ടിലെത്തി ഇപ്പോഴും ശ്വാസം മുട്ട് മാറിയിട്ടില്ല. പലരോടും സംസാരിച്ചപ്പോൾ കൊച്ചി വിട്ടു പോകുകയാണെന്ന് പറഞ്ഞു. പക്ഷെ ജില്ല കഴിഞ്ഞും പുക വ്യാപിക്കുന്നതും വലിയ അരക്ഷിതാവസ്ഥ സൃഷ്ടിക്കും” മമ്മൂട്ടി പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Mammootty care and share foundations helping hand to brahmapuram victims