അതിരൂക്ഷ ജലക്ഷാമം നേരിടുന്ന ആലപ്പുഴയില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിച്ചിരിക്കുകയാണ് നടന്‍ മമ്മൂട്ടി. ‘കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍’ എന്ന മമ്മൂട്ടിയുടെ നേതൃത്വത്തിലുളള ചാരിറ്റബിള്‍ ട്രെസ്റ്റാണ് ഈ പുണ്യ പ്രവര്‍ത്തിയ്ക്കു ചുക്കാന്‍ പിടിച്ചത്.തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സി.പി ട്രസ്റ്റും ഇതിനായി സഹകരിച്ചു.
ഒരുപാടു ദിവസങ്ങളായി ആലപ്പുഴയിലെ ജനങ്ങള്‍ വെളളം ലഭിക്കാതെ വലയുകയാണ്. അതിനാല്‍ പമ്പിങ്ങ് പ്രശ്‌നങ്ങള്‍ക്കു പ്രതിവിധി കാണും വരെ ജല വിതരണം തുടരുമെന്നു ട്രെസ്റ്റ് അധികൃതര്‍ അറിയിച്ചു. കുടിവെളള ക്ഷാമം നേരിടുന്നെന്ന് വാര്‍ത്ത കണ്ട മമ്മൂട്ടി സി.പി ട്രെസ്റ്റിന്റെ ചെയര്‍മാനായ സാലിഹിനെ നേരിട്ടു വിളിക്കുകയായിരുന്നു.
ഇത്തരത്തില്‍ അനവധി സേവന പ്രവര്‍ത്തനങ്ങള്‍ ‘കെയര്‍ ആന്‍ഡ് ഷെയര്‍’ ന്റെ ഭാഗമായി മമ്മൂട്ടി ചെയ്തിട്ടുണ്ട്. കലാ രംഗത്തു മാത്രമല്ല പൊതു രംഗത്തു തന്റെ സാന്നിധ്യം മമ്മൂട്ടി അറിയിക്കുന്നു. വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്യുന്നവരെ നേരില്‍ ചെന്നു അഭിനന്ദിക്കാനും മമ്മൂട്ടി മറക്കാറില്ല. ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുക്കുന്ന ‘കാതല്‍’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ മമ്മൂട്ടി. ജ്യോതികയാണ് ചിത്രത്തിലെ നായിക.