ഒരു സാധാരണക്കാര പ്രതികാരകഥയെ അസാധാരണമായി, അസാധ്യമായി അവതരിപ്പിച്ച മമ്മൂട്ടി ചിത്രം റോഷാക്ക് മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ മുന്നേറുകയാണ്. കെട്ട്യോളാണെന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് മമ്മൂട്ടി കാഴ്ച വയ്ക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം തന്നെ ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, കോട്ടയം നസീർ, ജഗദീഷ് എന്നിവരും തകർത്ത് അഭിനയിച്ച ചിത്രത്തിന് പോസിറ്റീവ് റിവ്യൂസ് ആണ് എല്ലായിടത്തുനിന്നും കിട്ടികൊണ്ടിരിക്കുന്നത്.
റോഷാക്കിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചിത്രത്തിൽ മമ്മൂട്ടി ഉപയോഗിക്കുന്ന ഫോര്‍ഡിന്‍റെ മസ്ടാങ് കാറും ശ്രദ്ധേയമായൊരു കഥാപാത്രമാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രം വളരെ അനായാസാമായി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ ചിത്രീകരണ വീഡിയോ ആണിത്. വളരെ നിസാരമായി, ഡ്യൂപ്പിന്റെ സഹായമില്ലാതെ മമ്മൂട്ടി തന്നെയാണ് ആ കാർ ഡ്രിഫ്റ്റിങ് രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. സിംഗിള്‍ ടേക്കില്‍ ഷോട്ട് ഓകെയാക്കിയ മമ്മൂട്ടിയെ അഭിനന്ദിക്കാനായി ഓടിയെത്തുന്ന അണിയറപ്രവർത്തകരെയും വീഡിയോയിൽ കാണാം.
“മമ്മൂട്ടിയുടെ സമാനതകളില്ലാത്ത പ്രകടനമാണ് റോഷാക്കിൽ കാണാനാവുക. ആദ്യഫ്രെയിമിൽ തുടങ്ങി ക്ലൈമാക്സിൽ വരെ നിറഞ്ഞു നിൽക്കുകയാണ് ലൂക്ക്. സൂക്ഷ്മമായ ഭാവങ്ങളും ചലനങ്ങളും ശരീരഭാഷയും കൊണ്ടും ആദ്യസീനുകളിൽ തന്നെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെ സമർത്ഥമായി രേഖപ്പെടുത്താൻ മമ്മൂട്ടിയ്ക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയെന്ന താരത്തിനെയോ മുൻപു ചെയ്തു കഥാപാത്രങ്ങളുടെ ഭാരമോ ലൂക്ക് ചുമക്കുന്നില്ല. ഏറ്റവും പ്രിയപ്പെട്ടൊരാളെ നഷ്ടമായാൽ ഒരു മനുഷ്യൻ ഏതറ്റം വരെ സഞ്ചരിക്കും? പ്രിയപ്പെട്ടൊരാൾക്കായി ഒരു മനുഷ്യനു സഞ്ചരിക്കാവുന്ന ദൂരത്തിന്റെ ഔന്നത്യങ്ങളിലാണ് തലയോട്ടി ആഷ്ട്രേയാക്കി, എതിരാളിയെ അടിച്ചുവീഴ്ത്താനൊരു ഇരുമ്പു ചുറ്റികയുമായി ലൂക്ക് ഇരുപ്പുറപ്പിക്കുന്നത്.”

“ലൂക്കിന്റെ ജീവിതം അയാൾ അതുവരെ കണ്ടിട്ടില്ലാത്ത ഒരുപറ്റം മനുഷ്യരുമായി കൂടെ ബന്ധപ്പെട്ടു കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ, ലൂക്കിന്റെ മാത്രം കഥയല്ല റോഷാക്ക്, അയാളോളം തന്നെ പ്രാധാന്യമുള്ള ശക്തരായ കഥാപാത്രങ്ങൾ വേറെയുമുണ്ട് ചിത്രത്തിൽ. ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ജഗദീഷ്, ഷറഫുദ്ദീൻ, സഞ്ജു ശിവറാം എന്നിവരും വളരെ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സൂത്രധാരനു ശേഷം ഏറെ ശക്തമായ കഥാപാത്രമായി ബിന്ദു പണിക്കരെ കാണാവുന്നൊരു ചിത്രം കൂടിയാണിത്. പലവിധത്തിലുള്ള വൈകാരികതയിലൂടെ കടന്നുപോവുന്ന കഥാപാത്രാണ് ബിന്ദുപണിക്കരുടെ സീതമ്മ. അസാധ്യമായ ഭാവപകർച്ചകളോടെ രണ്ടാം പകുതിയിൽ പ്രേക്ഷകരെ ഞെട്ടിച്ചുകളയുന്ന ബിന്ദു പണിക്കർ പലപ്പോഴും ലൂക്കിന് ഒത്തൊരു എതിരാളിയായി സീതാമ്മയെ ഉയർത്തുന്നുണ്ട്,” ഇന്ത്യൻ എക്സ്‌പ്രസ് റിവ്യൂവിൽ റോഷാക്കിനെ കുറിച്ച് നിരൂപക ധന്യ കെ. വിളയിൽ പറയുന്നതിങ്ങനെ.