മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയ്ക്ക് മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ജന്മദിനാശംസ.  സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ പങ്കു വച്ച കുറിപ്പില്‍ ഇങ്ങനെ പറയുന്നു.

“എന്റെ എല്ലാമായ, ജീവിതത്തിനു തന്നെ കാരണമായ ആള്‍ക്ക് സന്തോഷ ജന്മദിനം നേരുന്നു. ഞങ്ങള്‍ക്കെന്നും പ്രോത്സാഹനമായി, സ്നേഹമായി, എല്ലാറ്റിനും സമയം കണ്ടെത്തുന്ന ആള്‍. യു ആര്‍ ദി ഗ്രേറ്റസ്റ്റ്.  ഇതിഹാസം.  എന്റെ വാപ്പിച്ചി.”

 

മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്.  അതില്‍ ഏറ്റവും രസകരവും വ്യത്യസ്തവുമായ രീതിയിലുള്ളതാണ് നടി അനു സിത്താരയുടെ.

കുട്ടിക്കാലം തൊട്ടേ താനൊരു കട്ട മമ്മൂട്ടി ഫാന്‍ ആണെന്ന പല വേദികളില്‍ തുറന്നുപറഞ്ഞിട്ടുള്ള താരമാണ് അനു സിത്താര. വീഡിയോയിലൂടെയാണ് അനു മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ചുരിദാറിന്റെ ഷാളില്‍ ‘Happy Birthday മമ്മൂക്ക’ എന്നെഴുതിയിട്ടുണ്ട്. അതില്‍ മമ്മൂട്ടിയുടെ വിവിധ സിനിമകളിലെ ഗെറ്റപ്പുകളും കാണാം. ഈ ഷാള്‍ വീശിയാണ് അനു സിത്താര പ്രിയ താരത്തിന് ജന്മദിനാശംകള്‍ നേര്‍ന്നിരിക്കുന്നത്. മമ്മൂട്ടി ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോള്‍ പലരുടെയും വാട്‌സ് ആപ്പ് സ്റ്റാറ്റസാണ് ഈ വീഡിയോ.

പിറന്നാൾ ദിനത്തിൽ പതിവ് തെറ്റിക്കാതെ ആഘോഷങ്ങള്‍ക്കായി ആരാധകര്‍ ഇന്നലെ രാത്രി പന്ത്രണ്ടു മണിയോടെ മമ്മൂട്ടിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടിനു മുന്‍പില്‍ തടിച്ചു കൂടി. ഇത്തവണ ആരധാകരുടെ ആവേശത്തില്‍ പങ്കു ചേരാന്‍ പുതിയ മമ്മൂട്ടി ചിത്രം ‘ഗാനഗന്ധര്‍വന്‍’ സംവിധായകന്‍ രമേശ്‌ പിഷാരടിയും ഉണ്ടായിരുന്നു. ആര്‍പ്പു വിളികള്‍ക്കിടയിലേക്ക് താരം ഇറങ്ങി ചെന്ന്, ആശംസകള്‍ സ്വീകരിച്ചു.

കഴിഞ്ഞ വര്‍ഷവും ഇതേ പോലെ മമ്മൂട്ടി ഫാന്‍സ്‌ പിറന്നാള്‍ ദിനത്തില്‍ അര്‍ദ്ധരാത്രി അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നു. അപ്പോള്‍ കേക്ക് നല്‍കിയാണ്‌ താരം അവരെ സല്‍ക്കരിച്ചത്. കാറില്‍ നിന്നിറങ്ങി വീട്ടിലേക്ക് കയറിയ മമ്മൂട്ടി എന്നാല്‍ ഒരു നിമിഷം ആരാധകരെ അഭിവാദ്യം ചെയ്യാനായി വീട്ടു പടിക്കല്‍ നിന്നു. ആഘോഷ പരിപാടികളിലേക്ക് നീങ്ങും മുമ്പ് അദ്ദേഹം ആരാധകരോട് ‘കേക്ക് വേണോ’ എന്നോ ചോദിച്ചു. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്. മമമൂട്ടി ഫാന്‍സ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. പിന്നീട് ആരാധകര്‍ക്ക് മമ്മൂട്ടി പുറത്തേക്ക് കേക്ക് എത്തിച്ച് നല്‍കി.

Read Here: Happy Birthday Mammootty: കൂടുന്നത് പ്രായമോ ഗ്ലാമറോ?: മലയാളത്തിന്റെ മമ്മൂക്കയ്ക്ക് ഇന്ന് ജന്മദിനം

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook