മലയാളത്തിന്റെ മമ്മൂട്ടിക്ക് ഇന്ന് 66ാം പിറന്നാള്‍. പിറന്നാള്‍ സമ്മാനമായി ഇന്നലെയാണ് എബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം പുറത്തു വന്നത്. തീര്‍ന്നില്ല, ഇനിയുമുണ്ട്, ആരാധകര്‍ക്ക് മമ്മൂക്കയുടെ പിറന്നാള്‍ സമ്മാനങ്ങള്‍. അടുത്തതായി പുറത്തിറങ്ങാന്‍ പോകുന്ന മമ്മൂട്ടി ചിത്രങ്ങളിതാ ഇവയൊക്കെയാണ്.

പേരന്‍പ്

തങ്കമീനുകള്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന തമിഴ് ചിത്രം ഒക്ടോബര്‍ 14ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയുടെ അച്ഛനായാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുക. തമിഴ് നടി അഞ്ജലിയാണ് ചിത്രത്തിലെ നായിക.

പേരൻപിലെ ഒരു ദൃശ്യം

 

അങ്കിള്‍

നടന്‍ ജോയ്മാത്യ കഥയും നിര്‍മ്മാണവും നിര്‍വഹിക്കുന്ന അങ്കിള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനം കോഴിക്കോട് ആരംഭിക്കും. ഗിരീഷ് ദാമോദരനാണ് ചിത്രത്തിന്റെ സംവിധായകന്‍. മകളുടെ കൂട്ടുകാരിയുമായുള്ള സൗഹൃദത്തിന്റെ കഥയാണ് ‘അങ്കിള്‍’ പറയുന്നത്.

സ്ട്രീറ്റ് ലൈറ്റ്

ഛായാഗ്രഹകനായിരുന്ന ശ്യാം ദത്തിന്റെ ആദ്യ സംവിധാന സംരംഭമാണ് സ്ട്രീറ്റ് ലൈററ്. തമിഴിലും മലയാളത്തിലുമാണ് ഈ മമ്മൂട്ടി ചിത്രം ഒരുങ്ങുന്നത്. ശ്യാം ദത്ത് തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിക്കുന്നത്.

പരോള്‍

തൊടുപുഴയും മദ്രാസുമാണ് പരോളിന്റെ ലൊക്കേഷനുകള്‍. മദ്രാസിലെ 15 ദിവസ ചിത്രീകരണം കഴിഞ്ഞു. ഈ മാസം 12ന് തൊടുപുഴയില്‍ ബാക്കി ചിത്രീകരണം ആരംഭിക്കുന്ന ഈ മമ്മൂട്ടി ചിത്രം ജയിലുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്.

മാസ്റ്റര്‍ പീസ്

അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ പീസ് നവംബര്‍ 14ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ ഒരു കോളേജ് ലക്ചറായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. കോളേജിലെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളുടെ തര്‍ക്കം തീര്‍ക്കാനും പ്രശ്‌നം പരിഹരിക്കാനും കോളേജ് പ്രിന്‍സിപ്പാള്‍ ആണ് ഈ ലക്ചറെ വിളിച്ചു വരുത്തുന്നത്. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ശരത് കുമാറാണ് ചിത്രത്തിലെ നായിക.

മുകേഷ്, ഉണ്ണിമുകുന്ദന്‍, സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ എന്നിവരും ഈ ആക്ഷന്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കുഞ്ഞാലി മരയ്ക്കാര്‍

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമായിരിക്കും കുഞ്ഞാലി മരയ്ക്കാര്‍. ടി.പി രാജീവനാണ് ഈ മെഗാ പ്രൊജക്ടിന്റെ രചന നിര്‍വ്വഹിക്കുന്നത്. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്‍നിര സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിനായി അണിനിരയ്ക്കും. എന്നാല്‍ സംവിധായകന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അമല്‍ നീരദ്, ശങ്കര്‍ രാമകൃഷ്ണന്‍, സന്തോഷ് ശിവന്‍ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത്.

അബ്രഹാമിൻറെ സന്തതികൾ

ഹനീഫ് അദേനി കഥയും തിരക്കഥയും എഴുതി പുതുമുഖ സംവിധായകൻ ഷാജി പാടൂർ സംവിധാനം ഒരുക്കുന്ന പുതിയ ചിത്രം “അബ്രഹാമിന്റെ സന്തതികളുടെ”  പ്രഖ്യാപനത്തോടെയായിരുന്നു മമ്മൂക്കയുടെ പിറന്നാളാഘോഷങ്ങളുടെ തുടക്കം. അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഗുഡ്‌വിൽ എന്റർട്ടമെന്റിന്റെ ബാനറിൽ ബോബി ജോർജ്ജ് ആണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ