കേരളപ്പിറവി ദിനത്തിൽ ഏഴ് പുതിയ മലയാള ചിത്രങ്ങളാണ് അനൗൺസ് ചെയ്യപ്പെട്ടത്. രമേഷ് പിഷാരടി സംവിധായകനാകുന്ന മമ്മൂട്ടി നായകനാവുന്ന ‘ഗാനഗന്ധർവ്വൻ’, ഗിന്നസ് പക്രു ആദ്യമായി നിർമ്മാതാവുന്ന രഞ്ജിത്ത് സ്കറിയ സംവിധാനം ചെയ്യുന്ന ‘ഫാൻസിഡ്രസ്സ്’, അരുൺ കുമാർ അരവിന്ദന്റെ ‘അണ്ടർ വേൾഡ്’, വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്- ബിജു മേനോൻ ടീം ഒന്നിക്കുന്ന ‘ആദ്യരാത്രി’, ആദിൻ ഒല്ലൂറിന്റെ ‘പെണ്ണന്വേഷണം’, സജിൻ സുരേന്ദ്രന്റെ ‘കൊല്ലവർഷം 1975- ചതിയുടെ വാക്കേരി’, സണ്ണി ലിയോൺ നായികയാവുന്ന സന്തോഷ് നായരുടെ ‘രംഗീല’ എന്നീ ചിത്രങ്ങളാണ് നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ അനൗൺസ് ചെയ്യപ്പെട്ട ചിത്രങ്ങൾ.

‘പഞ്ചവർണ്ണതത്ത’യ്ക്ക് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഗാനഗന്ധർവ്വന്റെ’ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ്. ശ്രീലക്ഷ്മി ആർ, ശങ്കർ രാജ് ആർ, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കലാസദന്‍ ഉല്ലാസ് എന്ന ഗായകന്റെ കഥയാണ് ‘ഗാനഗന്ധർവ്വൻ’പറയുന്നത്.

Read more: മമ്മൂട്ടി ‘ഗാനഗന്ധർവ്വൻ’ ആവുന്നു, സംവിധാനം രമേഷ് പിഷാരടി

നടനും സംവിധായകനുമായ ഗിന്നസ് പക്രു ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ‘ഫാൻസി ഡ്രസ്സ്’. രഞ്ജിത് സക്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ സ്ക്രിപ്റ്റ് എഴുതിരിക്കുന്നത് ഗിന്നസ് പക്രുവും രഞ്ജിത് സക്കറിയയും ചേർന്നാണ്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

‘കോക്‌ടെയ്ൽ’, ‘ഈ അടുത്ത കാലത്ത്’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ അരുണ്‍ കുമാര്‍ അരവിന്ദ്, ആസിഫ് അലിയെയും ഫര്‍ഹാന്‍ ഫാസിലിനെയും മുഖ്യകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രമാണ് ‘അണ്ടര്‍ വേള്‍ഡ്’. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് തിരക്കഥ.

‘വെള്ളിമൂങ്ങ’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്നീ ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ആദ്യരാത്രി’. ‘ക്വീൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസും ജെബിനും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കുന്നത്. ഛായാഗ്രഹണം ശ്രീജിത്ത് നായരും സംഗീതം ബിജിബാലും നിർവ്വഹിക്കും. സെൻട്രൽ പിക്ച്ചേഴ്സാണ് നിർമ്മാണം. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സെൻട്രൽ പിക്ച്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘ആദ്യരാത്രി’.

Read more: ‘ആദ്യരാത്രി’യുമായി ബിജു മേനോൻ വരുന്നു

ബാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘രംഗീല’. സണ്ണി ലിയോൺ ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ‘മണിരത്‌നം’, ‘സച്ചിന്‍’ എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Read more: മലയാളികള്‍ക്ക് സണ്ണി ലിയോണിന്റെ കേരളപ്പിറവി ദിന സമ്മാനം

പോസ്റ്റര്‍ ഡിസൈനറായും നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനെന്ന നിലയിലും ശ്രദ്ധ അധിന്‍ ഒള്ളൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പെണ്ണന്വേഷണം’. പെണ്ണന്വേഷിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് സിനിമ പറയുന്നത്. ഗോകുൽ ദാസിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയതും അധിൻ തന്നെ. സൈനുല്‍ ആബിദാണ് ചിത്രം നിര്‍മിക്കുന്നത്.

നവാഗതനായ സജിൻ കെ സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൊല്ലവർഷം1975 ചതിയുടെ വാക്കേരി’. ടിറ്റോ വിൽസൺ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് അഖിൽ പി ധർമജൻ ആണ്.

കുഞ്ചാക്കോ ബോബന്റെ രണ്ടു ചിത്രങ്ങളും ഇന്നലെ താരത്തിന്റെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. പറവയ്ക്കു ശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ഗപ്പിയ്ക്ക് ശേഷം ജോൺ പോൾ സംവിധാനം ചെയ്യുന്ന സിനിമയിലും കുഞ്ചാക്കോ ബോബനാണ് നായകൻ.

Read more: ഇതാണ് എനിക്കു ലഭിച്ച ഏറ്റവും മികച്ച ജന്മദിന സമ്മാനം: കുഞ്ചോക്കോ ബോബൻ

ടൊവിനോ നായകനാവുന്ന ‘ജോ’ എന്നൊരു ചിത്രം കൂടി ഇന്നലെ അനൗൺസ് ചെയ്യപ്പെട്ടിട്ടുണ്ട്. ആൽബിയാണ് ചിത്രത്തിന്റെ സംവിധാനം. സണ്ണി വെയ്ൻ, ടൊവിനോ തോമസ്, അജു വർഗ്ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘സ്റ്റാറിംഗ് പൗർണമി’ എന്ന റോഡ് മൂവി സംവിധാനം ചെയ്ത സംവിധായകനാണ് ആൽബി. ഇന്ത്യയിലെ ഏഴു സംസ്ഥാനങ്ങളിൽ ഷൂട്ട് ചെയ്യപ്പെട്ട ചിത്രം ഡൽഹി, മനാലി, ലഡാക് എന്നിവിടങ്ങളിലൊക്കെയായി ചിത്രീകരിച്ചിരുന്നെങ്കിലും പിന്നീട് ബജറ്റ്പരമായ ചില ബുദ്ധിമുട്ടുകളാൽ പ്രൊജക്റ്റ് ഡ്രോപ്പ് ചെയ്യപ്പെടുകയായിരുന്നു.

11 ലേറെ വരുന്ന ഈ ചിത്രങ്ങൾ കൂടാതെ 2019 ൽ റിലീസിനൊരുങ്ങുന്ന നിരവധിയേറെ ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും ഷൂട്ടിംഗുമൊക്കെ നടന്നു കൊണ്ടിരിക്കുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറെ പ്രതീക്ഷയുണർത്തുന്ന ചിത്രമായ ‘ജല്ലിക്കെട്ടി’ന്റെ ഷൂട്ടിംഗും ഇന്നലെ ആരംഭിച്ചു. പ്രളയത്തിനെ തുടർന്ന് താറുമാറായ സിനിമാവ്യവസായത്തിന് പുത്തൻ ഉണർവ്വ് പകരുകയാണ് സജീവമാകുന്ന സിനിമാലോകം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook