മമ്മൂട്ടി നായകനാകുന്ന ഉണ്ടയുടെ ഷൂട്ടിങ് ആരംഭിച്ചു. മുളിയൂരിലെ കാട്ടിനകത്താണ് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ആക്ഷൻ കോമഡി എന്റർടെയിനർ ചിത്രമായ ‘ഉണ്ട’യിൽ സബ് ഇൻസ്പെക്ടർ മണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.
നോർത്ത് ഇന്ത്യയിലെ നക്സ്ലൈറ്റ് ഏരിയയിൽ ഇലക്ഷൻ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടി ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളിൽ നിന്നെല്ലാം വ്യത്യസ്തനായ കഥാപാത്രമാണ് ‘ഉണ്ട’യിലേത് എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്.
ചിത്രത്തിന്റെ കാടിനകത്തെ ചിത്രീകരണ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ അണിയറക്കാർ പങ്കുവയ്ക്കുന്നുണ്ട്. മുണ്ടുടുത്ത് കൂളിങ് ഗ്ലാസ്സ് വച്ച് ചിത്രത്തിന്റെ അണിയറപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. കാടിനു നടുവിലെ ലൊക്കേഷൻ ചിത്രങ്ങളും കാണാം.
മുൻപ് കാട്ടിൽ സിനിമ ഷൂട്ടിങ് അനുവദിച്ച ഫോറസ്റ്റ് ഡിപ്പാർട്മെന്റിന്റെ തീരുമാനത്തിനെതിരെ പ്രകൃതിവാദികൾ രംഗത്തു വന്നിരുന്നു. ഷൂട്ടിങ് കാണാൻ കൂടുതൽ പേർ വരുന്നത് കാടിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുമെന്നായിരുന്നു പ്രകൃതിവാദികളുടെ വാദം.
Read More: ആരാധകഹൃദയം തുളയ്ക്കാന് ‘ഉണ്ട’ വരുന്നു; ഒന്നിക്കുന്നത് മമ്മൂട്ടിയും ഷൈജു ഖാലിദും
12 കോടിയോളം ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം നിർമിക്കുന്നത് ‘അനുരാഗ കരിക്കിൻ വെള്ള’ത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ്. ഓംകാർ ദാസ് മണിക്പുരി, ഭഗ്വാൻ തിവാരി, ചിൻ ഹോ ലിയോ എന്നിങ്ങനെ മൂന്നു ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ ലോപസ് എന്നിവരാണ് മറ്റു താരങ്ങൾ.
കാസർഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂർ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷൻ. ജെമിനി സ്റ്റുഡിയോസുമായി ചേർന്ന് കൃഷ്ണൻ സേതുകുമാർ ആണ് മൂവി മില്ലിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്. 2019 ജനുവരിയോടെ ചിത്രം തിയേററ്ററുകളിലെത്തും.